Quantcast

അഗ്നിപഥ്: ബിഹാറിൽ 10 ബി.ജെ.പി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ

പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-18 14:42:19.0

Published:

18 Jun 2022 2:22 PM GMT

അഗ്നിപഥ്: ബിഹാറിൽ 10 ബി.ജെ.പി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
X

അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ബിഹാറിൽ ബി.ജെ.പി നേതാക്കളുടെ സുരക്ഷ വർധിപ്പിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയും എംഎൽഎമാരുമടക്കം 10 ബിജെപി നേതാക്കൾക്ക് സിആർപിഎഫിന്റെ വൈ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സുരക്ഷാ ചുമതല ഏറ്റെടുത്തതായി സിആർപിഎഫ് അറിയിച്ചു.


പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ജയ്‌സ്വാളിന്റെയും ബിഹാർ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും വീടുകൾ പ്രതിഷേധക്കാർ തകർത്തിരുന്നു.

ബഗാഹയിലും മറ്റും പ്രതിഷേധക്കാർ ബിജെപി ഓഫീസുകൾ തകർത്തിരുന്നു. റെയിൽവെ സ്റ്റേഷനിലുണ്ടായ വെടിവെപ്പിനെ തുടർന്ന് ബിഹാറിൽ നിന്നുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി വെച്ചിരിക്കുകയാണ്. ബിഹാറിലെ 15 ജില്ലകളിൽ നാലാം ദിവസവും അഗ്‌നിപഥിനെതിരായ പ്രതിഷേധം ശക്തമായിരുന്നു. വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദിനെ ആർ.ജെ.ഡി പിന്തുണച്ചതോടെ ബിഹാറിലെ ഗ്രാമീണ മേഖലകളിൽ ബന്ദ് പൂർണമായി. പാട്‌നയിൽ വിലക്ക് മറികടന്ന് ഡാക്ക് ബംഗ്ലാവിൽ പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം കഴിഞ്ഞ മൂന്ന് ദിവസമായി ഉത്തരേന്ത്യയിൽ അക്രമാസക്തമായി നിൽക്കുകയാണ്. യുവാക്കൾ തെരുവിലിറങ്ങി വ്യാപക അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്.

എന്താണ് അഗ്നിപഥ്?

സൈന്യത്തിൽ കൂടുതൽ യുവതീ, യുവാക്കളെ ഉൾപ്പെടുത്താനുള്ള അഗ്‌നിപഥ് പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളിൽ പ്രതിവർഷം 45,000 യുവാക്കളെ പദ്ധതി പ്രകാരം നിയമിക്കും. രാജ്യത്തിന്റെ സൈന്യത്തിന് യുവത്വം നൽകുന്നതാണ് കേന്ദ്രതീരുമാനമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. യുവാക്കൾ വരുന്നത് സേനകളെ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ അഭിപ്രായപ്പെട്ടു.


പദ്ധതി ഇങ്ങനെ-

  • സേവന കാലാവധി 4 വർഷം. നിയമനം 17.5 - 21 വയസ്സു വരെയുള്ളവർക്ക്.
  • സ്ഥിര നിയമനങ്ങളിലേതു പോലെ ആരോഗ്യ, ശാരീരിക ക്ഷമത പരിശോധിക്കുന്ന റിക്രൂട്‌മെൻറ് റാലികളിലൂടെയായിരിക്കും നിയമനം.
  • 10, 12 ക്ലാസ് പാസായവർക്കു റാലിയിൽ പങ്കെടുക്കാം.
  • പെൻഷനില്ല. ആദ്യ വർഷം ശമ്പളം പ്രതിവർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. അതായത് പ്രതിമാസം 30,000 മുതൽ 40,000 വരെ ശമ്പളം. സേനകളിലെ സ്ഥിര നിയമനക്കാർക്കുള്ളതിനു സമാനമായ റിസ്‌ക് അലവൻസ് ലഭിക്കും.
  • പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവന കാലാവധി പൂർത്തിയാക്കുമ്പോൾ ഇപിഎഫ് കൂടി ചേർത്ത് 11.71 ലക്ഷം രൂപയുടെ സേവാ നിധി തുക ലഭിക്കും.
  • തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ആഴ്ച മുതൽ 6 മാസം വരെ പരിശീലനം.
  • 10ാം ക്ലാസ് പാസായവർക്കു സേവന കാലാവധി പൂർത്തിയാകുമ്പോൾ 12ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകും.
  • സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. സേവനത്തിൽ ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും.
  • സേവനത്തിനിടെ പരിക്കേറ്റാൽ 44 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം. സേവന കാലയളവിലെ ബാക്കി ശമ്പളവും സേവാ നിധിയും ലഭിക്കും.
  • സേവന കാലയളവിൽ മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് 4 വർഷത്തിനു ശേഷം നിയമനം നീട്ടി നൽകും. 15 വർഷത്തേക്കാണ് നിയമനം. അടുത്ത വർഷം ജൂലൈയിൽ ആദ്യ ബാച്ച് പുറത്തിറങ്ങും.

Agnipath: Y category security for BJP leaders in Bihar

TAGS :

Next Story