1.66 കോടിയുടെ സ്വർണം മോഷ്ടിച്ച് ജ്വല്ലറി ജീവനക്കാരി; പിന്നാലെ കാമുകന്റെ വൻ ചതി,ഒടുവിൽ സംഭവിച്ചത്...
വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടി ഒന്നിച്ച് ജീവിക്കാനാണ് യുവതി ഈ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു

- Published:
19 May 2026 7:52 AM IST

അഹമ്മദാബാദ്: കാമുകനുമൊത്ത് പുതിയ ജീവിതം തുടങ്ങാൻ ആസൂത്രണം ചെയ്ത പദ്ധതി ഒടുവിൽ ചെന്ന് അവസാനിച്ചത് ജയിലഴിക്കുള്ളില്‍. അഹമ്മദാബാദിലാണ് സിനിമാക്കഥയെ വെല്ലുന്ന ആഭരണക്കൊള്ള നടന്നത്. നിക്കോൾ പ്രദേശത്തുള്ള ഒരു ജ്വല്ലറി ഷോറൂമിൽ നിന്ന് 1.66 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹർഷിദ ഷെട്ടി എന്ന യുവതിയും കാമുകനും അറസ്റ്റിലായത്.
മേയ് 11-ന് നിക്കോളിലെ അൻമോൾ സർക്കിളിന് സമീപമുള്ള ഗ്രാവിറ്റി ഷോപ്പിംഗ് മാളിലെ ജ്വല്ലറി ഷോറൂമിലാണ് മോഷണം നടന്നതെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഷോറൂം ഉടമയായ ദർശൻ ഷാ, ഏകദേശം 11 മാസം മുമ്പാണ് ഹർഷിദയെ സെയിൽസ് ഗേളായി ജോലിക്ക് എടുത്തത്. വിവാഹിതനായ തന്റെ കാമുകനൊപ്പം ഒളിച്ചോടി ഒന്നിച്ച് ജീവിക്കാനാണ് യുവതി ഈ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പൊലീസ് പറയുന്നതിനനുസരിച്ച് മെയ് 11 വൈകുന്നേരം അഞ്ചു മണിയോടെ ഒരു ഉപഭോക്താവ് ഷോറൂം സന്ദർശിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഡിസ്‌പ്ലേ ട്രേകളിൽ ഒന്നിൽ നിന്ന് ഒരു സ്വർണ്ണ നാണയം കാണാതായത് ജീവനക്കാരനായ കാഞ്ചി പട്ടേലിന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ഉടൻ തന്നെ ഉടമയായ ദർശൻ ഷായെ വിവരമറിയിച്ചു. വ്യക്തിപരമായ ആവശ്യങ്ങളുണ്ടെന്ന് പറഞ്ഞ് നേരത്തെ ഇറങ്ങിയ ഹർഷിദയ്ക്ക് പോകാൻ അനുവാദം നൽകിയിരുന്നില്ലെന്നും ഷാ മറ്റ് ജീവനക്കാരെ അറിയിച്ചു.
തുടർന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്, ജ്വല്ലറി ഉടമ ഉച്ചഭക്ഷണത്തിന് പോയ സമയം മുതലെടുത്താണ് ഹർഷിദ മോഷണം നടത്തിയതെന്ന് വ്യക്തമായത്. സാധാരണ രീതിയിൽ ജോലി ചെയ്യുന്നത് പോലെ അഭിനയിച്ച്, അവർ ഡിസ്‌പ്ലേ ട്രേകളിൽ നിന്നും അലമാരകളിൽ നിന്നും സ്വർണ്ണമാലകൾ, മോതിരങ്ങൾ, ലോക്കറ്റുകൾ, മംഗല്യസൂത്രങ്ങൾ എന്നിവ ആസൂത്രിതമായി എടുത്തു മാറ്റുകയായിരുന്നു. ഈ വിലപിടിപ്പുള്ള ആഭരണങ്ങൾ തന്റെ യൂണിഫോം, ബാഗ് എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ച ശേഷം വൈകുന്നേരം 4.30 ഓടെ ഷോറൂമിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
മോഷണത്തിന് തൊട്ടുപിന്നാലെ ഹർഷിദ കാമുകനൊപ്പം അഹമ്മദാബാദിൽ നിന്ന് രക്ഷപ്പെട്ടു. മോഷ്ടിച്ച ആഭരണങ്ങളും പണവും ഉപയോഗിച്ച് ഇരുവരും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഹോട്ടലുകളിലും ഹിൽ സ്റ്റേഷനുകളിലും താമസിച്ച് യാത്രകൾ നടത്തി.
എന്നാൽ, ഒരു ഹോട്ടൽ താമസത്തിനിടയിൽ ഇവരുടെ ബന്ധത്തിൽ നാടകീയമായ വഴിത്തിരിവുണ്ടായി. ഹർഷിദ കുളിക്കാൻ പോയ സമയം നോക്കി കാമുകൻ മോഷ്ടിച്ച ആഭരണങ്ങളിൽ ഭൂരിഭാഗവുമായി അവിടെനിന്ന് കടന്നുകളഞ്ഞു. ഇതോടെ അവർ ഹോട്ടലിൽ ഒറ്റപ്പെട്ടു.
താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ ഹർഷിദ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് കാമുകനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന്റെയും പ്രാദേശിക രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ അഹമ്മദാബാദ് പൊലീസ് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ കാമുകനെ പൊക്കി.
മോഷ്ടിച്ച ആഭരണങ്ങളുടെ ബാക്കി ഭാഗം വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഹർഷിദയും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ പൂർണ്ണമായി വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Adjust Story Font
16
