'ആ വൃദ്ധദമ്പതികളുടെ ആദ്യ വിമാനയാത്ര അവസാനത്തേതായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം
2025 ജൂൺ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 32 സെക്കൻഡുകൾക്ക് ഉള്ളിലാണ് എയർ ഇന്ത്യ ഫ്‌ളൈറ്റ് 171 തകർന്നുവീണത്

- Published:
12 Jun 2026 8:01 AM IST

അഹമ്മദാബാദ്: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് ഇന്ന് ഒരു വർഷം. ഹോസ്റ്റൽ സമുച്ചയത്തിലേക്ക് വിമാനം തകർന്നുവീണപ്പോൾ അത് വെറുമൊരു വിമാന തകർച്ച മാത്രമായിരുന്നില്ല, ആകാശത്തും ഭൂമിയിലുമുണ്ടായിരുന്ന ഒട്ടനവധി കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആ നിമിഷത്തിൽ കത്തിയമർന്നത്. ഇന്ന് അപകടാവശിഷ്ടങ്ങൾ നീക്കം ചെയ്യപ്പെടുകയും സൈറൺ മുഴക്കങ്ങൾ അടങ്ങുകയും വാർത്തകൾ മാധ്യമങ്ങളിൽ നിന്ന് മറയുകയും ചെയ്‌തെങ്കിലും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് ഇന്നും ആ ദുരന്തത്തിന്റെ പുകച്ചുരുളുകളിൽ നിന്ന് മോചനമായിട്ടില്ല. പൊതുസമൂഹത്തിന്റെ ഞെട്ടലിൽ നിന്ന് മാറി, ഇന്ന് അതൊരു വലിയ ഏകാന്തതയും നിത്യേനയുള്ള വേദനയുമായി അവരുടെ ഉള്ളിൽ ജീവിക്കുന്നു.
ബ്രിട്ടനിൽ ഡോക്ടറായ മകന്റെ അടുത്തേക്ക്, പറന്നുയരേണ്ടിയിരുന്ന ഒരു കുടുംബത്തിന്റെ സങ്കടക്കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഖേദ സ്വദേശികളായ രജനികാന്തും ഭാര്യ പുഷ്പബെന്നും ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് മകനെ പഠിപ്പിച്ചു ഡോക്ടറാക്കിയത്. മകന്റെ അടുത്തെത്തുക എന്ന സ്വപ്‌നം യാഥാർഥ്യമാകുന്നതിന് മുമ്പ് അഹമ്മദാബാദിലെ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ അവർക്ക് ജീവൻ വെടിയേണ്ടി വന്നു. അഹമ്മദാബാദിന് പുറത്തേക്ക് ഒരിക്കൽ പോലും യാത്ര ചെയ്തിട്ടില്ലാത്ത ആ ദമ്പതികളുടെ ആദ്യ വിമാനയാത്രയാണ് ഒരു അഗ്‌നിഗോളത്തിൽ അവസാനിച്ചത്.
ത്യാഗപൂർണമായ ജീവിതം, ദാരുണമായ അന്ത്യം
മകനെ വളർത്താനും അവന് മികച്ച വിദ്യാഭ്യാസം നൽകാനുമായി രജനികാന്ത്്ഭായിയും പുഷ്പബെന്നും ജീവിതകാലം മുഴുവൻ കഠിനമായി അധ്വാനിച്ചു. വിധി കാത്തുവെച്ച ക്രൂരമായ വൈരുധ്യം എന്തെന്നാൽ, ഏത് മെഡിക്കൽ കോളജിന്റെ ക്യാമ്പസിലാണോ വിമാനം തകർന്നുവീണത്, അവിടെ നിന്നായിരുന്നു മകൻ ഡോക്ടറായി ബിരുദം നേടിയത്.
പഠനത്തിന് ശേഷം യുകെയിലേക്ക് മാറിയ മകൻ അവിടെ പ്രശസ്തനായ ഡോക്ടറായി മാറി. മികച്ച വരുമാനം നേടിയതോടെ, തനിക്ക് വേണ്ടി ജീവിതകാലം മുഴുവൻ ത്യാഗം ചെയ്ത മാതാപിതാക്കൾക്ക് വിശ്രമജീവിതം സമ്മാനിക്കാൻ അവൻ തീരുമാനിച്ചു. അവർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കി, ടിക്കറ്റുകളും കാബും എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തു. എന്നാൽ, മാതാപിതാക്കളുടെ ആ ആദ്യ വിമാനയാത്ര അവരുടെ അവസാന യാത്രയായി മാറുകയായിരുന്നു.
ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രാർഥന്ക്കായി അപകടസ്ഥലത്ത് എത്തിയ ഇവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ ശൂന്യത പങ്കുവെച്ചു. കരച്ചിലടക്കാനാവാതെ രജനികാന്ത്ഭായിയുടെ സഹോദരൻ പ്രമോദ്ഭായ് തങ്ങളുടെ തീരാനഷ്ടത്തെക്കുറിച്ച് പറഞ്ഞു.
''വളരെ കഷ്ടപ്പെട്ടാണ് എന്റെ സഹോദരനും ജ്യേഷ്ഠത്തിയും മകനെ വളർത്തിയത്. അവർ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നേരിട്ടു. അതെല്ലാം സഹിച്ചാണ് അവനെ ഒരു ഡോക്ടറാക്കിയത്. അവരുടെ മകൻ ഇന്ന് യുകെയിൽ വലിയ നിലയിലാണ്. അവന് ആദ്യമായി ചെയ്യേണ്ടിയിരുന്നത് തന്റെ മാതാപിതാക്കളെ യുകെയിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിക്കുക എന്നതായിരുന്നു. എന്റെ സഹോദരനും ജ്യേഷ്ഠത്തിയും അഹമ്മദാബാദിന് പുറത്തേക്ക് എങ്ങും പോയിട്ടില്ലാത്തവരാണ്. അവർ ഇതിനുമുമ്പ് ഒരിക്കലും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല. ഇത് അവരുടെ ആദ്യത്തെ യാത്രയായിരുന്നു, അതും വിദേശത്തേക്ക്. പക്ഷേ, അവരുടെ ആദ്യയാത്ര അവസാനയാത്രയായി മാറുമെന്ന് ഞങ്ങൾ അറിഞ്ഞില്ല. ഞങ്ങളുടെ കുടുംബം മുഴുവൻ തകർന്നുപോയി, ഞങ്ങൾ പൂർണമായും ഇല്ലാതായി. ഇന്ന് അവരുടെ ആത്മാക്കൾക്കായി പ്രാർഥിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇവിടെ എത്തിയത്''- പ്രമോദ് ഭായ് പറഞ്ഞു.
2025 ജൂൺ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 32 സെക്കൻഡുകൾക്ക് ഉള്ളിലാണ് എയർ ഇന്ത്യ ഫ്‌ളൈറ്റ് 171 തകർന്നുവീണത്. പറന്നുയർന്ന ഉടനെ വിമാനത്തിന്റെ ഇരു എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിന്നുപോവുകയും തുടർന്ന് നിയന്ത്രണം നഷ്ടമായ വിമാനം സമീപത്തുള്ള ബിജെ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ സമുച്ചയത്തിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരിൽ 229 പേരും 12 ജീവനക്കാരും മരിച്ചു. വിശ്വകുമാർ രമേശ് എന്ന ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ 19 പേരും കൊല്ലപ്പെട്ടിരുന്നു.
Adjust Story Font
16
