Quantcast

അണ്ണാഡിഎംകെ തകർച്ചയിലേക്ക്? മുൻ മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ കൂട്ടത്തോടെ വിജയിയുടെ ടിവികെയിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായിരുന്നു

MediaOne Logo
അണ്ണാഡിഎംകെ തകർച്ചയിലേക്ക്? മുൻ മന്ത്രിമാരടക്കം പ്രമുഖ നേതാക്കൾ കൂട്ടത്തോടെ വിജയിയുടെ ടിവികെയിലേക്ക്
X

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയിയുടെ ടിവികെയിലേക്കുള്ള പ്രവാഹം തുടരുന്നു. എഐഎഡിഎംകെയ്ക്കാണ് കനത്ത അടി. മുൻ മന്ത്രിമാരും എം.എൽ.എമാരും അടക്കമുള്ള മുതിർന്ന നേതാക്കൾ കൂട്ടത്തോടെയാണ് പാർട്ടി വിട്ട് ടിവികെയില്‍ എത്തിയത്.

നാല് മുൻ മന്ത്രിമാരും മുൻ എംഎൽഎമാരുമാണ് ശനിയാഴ്ച ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ടി.വി.കെയിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്.

ഉടുമലൈ കെ. രാധാകൃഷ്ണൻ, എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, എൻ.ആർ. ശിവപതി എന്നിവരാണ് എ.ഐ.എ.ഡി.എം.കെ വിട്ട് വിജയ്‌യുടെ പാർട്ടിയിൽ ചേർന്ന പ്രമുഖർ. ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദ്, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി ആദവ് അർജുന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ പാർട്ടി പ്രവേശം.

പാർട്ടി മാറിയ നേതാക്കളിൽ ഉടുമലൈ കെ. രാധാകൃഷ്ണൻ ഉടുമൽപേട്ട് മണ്ഡലത്തിൽ നിന്നും, കടമ്പൂർ രാജു കോവിൽപട്ടിയിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എം.സി. സമ്പത്ത് കൂടല്ലൂർ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇനി അണ്ണാഡിഎംകെയില്‍ ഭാവിയില്ലെന്ന് കണ്ടാണ് നേതാക്കള്‍ ടിവികെയില്‍ എത്തുന്നത്. ടിവികെക്ക് പുറമെ ഡിഎംകെയിലേക്കും നേതാക്കള്‍ എത്തുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അണ്ണാഡിഎംകെയില്‍ ഭിന്നത രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി വിജയ് നിയമസഭയിൽ കൊണ്ടുവന്ന വിശ്വസ പ്രമേയത്തെ അനുകൂലിച്ച് എഐഎഡിഎംകെയിലെ 25 വിമത എം.എൽ.എമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ വിപ്പ് ലംഘിച്ചായിരുന്നു ഈ നീക്കം. ഇതിൽ നാല് വിമത എംഎൽഎമാർ പിന്നീട് ടി.വി.കെയിൽ ചേരുകയും ചെയ്തിരുന്നു.

കഴിഞ്ഞ മെയ് 29ന് ചെന്നൈ പനയൂരിലെ ടി.വി.കെ ആസ്ഥാനത്ത് വെച്ച് മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിമാരായ വെള്ളമണ്ടി നടരാജൻ, ആനന്ദൻ, മുൻ എം.എൽ.എമാരായ നടരാജ്, സാധൻ പ്രഭാകർ എന്നിവരുൾപ്പെടെ മുന്നൂറിലധികം അണികൾ പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടുതൽ മുതിർന്ന നേതാക്കളും പാർട്ടി വിട്ടിരിക്കുന്നത്. മുതിർന്ന നേതാക്കളുടെ ഈ കൂട്ടത്തോടെയുള്ള കൂറുമാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ എ.ഐ.എ.ഡി.എം.കെയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story