18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ആധാര്‍ അനുവദിക്കില്ല; നിയന്ത്രണവുമായി അസം സര്‍ക്കാര്‍
നടപടി അനധികൃത കുടിയേറ്റം തടയാനെന്ന് വിശദീകരണം

- Updated:
2026-06-13 12:03:53

ദിസ്പൂർ: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ. അനധികൃത കുടിയേറ്റം തടയാനാണെന്നാണ് വിശദീകരണം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.
ബംഗ്ലാദേശ്, പാകിസ്താൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറ്റക്കാർ എത്തുന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണ് മന്ത്രിസഭാ യോഗത്തിലെ നിർണായ തീരുമാനം. സംസ്ഥാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ രീതിയിൽ ആശങ്ക ജനിപ്പിക്കുകയും വികസനപദ്ധതികൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ആധാറിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾ പ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് ഇനിമുതൽ ആധാർ അനുവദിക്കില്ല.
കൂടാതെ, പ്രത്യേക സാഹചര്യങ്ങളിൽ ആധാർ അനുവദിക്കണമെന്ന അപേക്ഷയുണ്ടെങ്കിൽ തന്നെ, കടുത്ത പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും തുടർനടപടികളൊന്നും സർക്കാർ അറിയിച്ചു. അതേസമയം, ഇനി ജനിച്ചുവരുന്ന കുട്ടികൾക്ക് ആധാർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ അറിയിച്ചിരുന്നു. പിന്നാലെയാണ് പുതിയ നീക്കം.
Adjust Story Font
16
