Quantcast

ലഹരി ഉപയോഗിച്ച് വിമാനം പറത്തിയെന്ന് സ്ഥിരീകരണം; ഫുക്കെറ്റ്-ഡൽഹി എയർഇന്ത്യ വിമാനത്തിന്‍റെ പൈലറ്റിനെ പിരിച്ചുവിട്ടു

വിമാനയാത്രയ്ക്കിടെ പൈലറ്റ് കുറഞ്ഞത് 30 മുതൽ 35 മിനിറ്റ് വരെ ഉറങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-09-04 14:22:07

Published:

4 Sept 2026 7:29 PM IST

ലഹരി ഉപയോഗിച്ച് വിമാനം പറത്തിയെന്ന് സ്ഥിരീകരണം; ഫുക്കെറ്റ്-ഡൽഹി എയർഇന്ത്യ വിമാനത്തിന്‍റെ പൈലറ്റിനെ പിരിച്ചുവിട്ടു
X

ന്യൂഡൽഹി: ലഹരി ഉപയോഗിച്ച് വിമാനം പറത്തിയെന്ന സ്ഥിരീകരണത്തിന് പിന്നാലെ ഫുക്കറ്റ്-ഡൽഹി വിമാനത്തിന്‍റെ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ. സംഭവം ഗുരുതരമായ ആശങ്കയുണ്ടാക്കിയതായി എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചിരുന്നു. ആഗസ്റ്റ് നാലിനാണ് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ AI2379 വിമാനത്തിൽ അപകടസമാനമായ സംഭവം നടന്നത്.

യാത്രയ്ക്കിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതിനെ തുടർന്ന് 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റിരുന്നു. ഇതേത്തുടർന്നുണ്ടായ പരിശോധനയിലാണ് പൈലറ്റിനെ പിരിച്ചുവിട്ടത്. പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോഗിച്ചത് തെളിഞ്ഞിരുന്നു.

തുടക്കത്തിൽ ടർബുലൻസ് മൂലമാണ് വിമാനം പെട്ടെന്ന് താഴേക്ക് പോയതെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ ഫ്രഞ്ച് വിമാന നിർമാതാക്കളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം, വിമാനത്തിലെ ഗ്രീൻ, ബ്ലൂ, യെല്ലോ ഹൈഡ്രോളിക് സംവിധാനങ്ങളിലെ മർദം കുറഞ്ഞതാണ് ഉയരം നഷ്ടപ്പെടാനും വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പോകാനും കാരണമായത്.

ഇതിനെ തുടർന്ന് ഏകദേശം നാല് സെക്കൻഡ് നേരത്തേക്ക് എലിവേറ്റർ, എയ്ലറോൺ തുടങ്ങിയ ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങളുടെ നിയന്ത്രണം താൽക്കാലികമായി നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഹൈഡ്രോളിക് സംവിധാനങ്ങളിലെ മർദം കുറഞ്ഞതിന് പുറമെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടതായും എലിവേറ്റർ ഫ്ലൈറ്റ് കൺട്രോൾ സംവിധാനത്തിൽ തകരാർ രേഖപ്പെടുത്തിയതായും അധികൃതർ കണ്ടെത്തി.

അതേസമയം, വിമാനയാത്രയ്ക്കിടെ പൈലറ്റ് കുറഞ്ഞത് 30 മുതൽ 35 മിനിറ്റ് വരെ ഉറങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൈലറ്റിനെതിരെ കർശന നടപടി എയർ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.

TAGS :

Next Story