Quantcast

'നിന്റെ ശരീരം എനിക്ക് കാണണം'; ഫോട്ടോഗ്രാഫറിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

ഈ അനുഭവം തന്നെ മാനസികമായി തളർത്തിയെന്നും ഉള്ളിലെവിടെയോ തോന്നിയ അപകടസൂചനയാണ് അന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്നും നടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Feb 2026 12:09 PM IST

നിന്റെ ശരീരം എനിക്ക് കാണണം; ഫോട്ടോഗ്രാഫറിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്
X

ചെന്നൈ: തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ഐശ്വര്യ രാജേഷ്. ഒരു ഫോട്ടോഗ്രാഫർ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതായും "നിന്റെ ശരീരം എനിക്ക് കാണണം" എന്ന് അയാൾ പറഞ്ഞതായുമാണ് ഒരു അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്.

നിഖിൽ വിജയേന്ദ്ര സിംഹയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ഐശ്വര്യ ഈ വെളിപ്പെടുത്തൽ നടത്തിയത്. ആ സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് നടി പറഞ്ഞു. "അന്ന് എനിക്ക് പ്രായം കുറവാണ്, എന്റെ സഹോദരനോടൊപ്പമാണ് ഞാൻ അവിടെ പോയത്. ഫോട്ടോഗ്രാഫർ എന്റെ സഹോദരനോട് പുറത്തിരിക്കാൻ ആവശ്യപ്പെടുകയും എന്നെ അകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് ചില അടിവസ്ത്രങ്ങൾ എനിക്ക് നേരെ നീട്ടിയിട്ട് അയാൾ പറഞ്ഞു, 'എനിക്ക് നിന്റെ ശരീരം കാണണം'," ഐശ്വര്യ പോഡ്കാസ്റ്റിനിടെ പറഞ്ഞു.

സിനിമാ മേഖല എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അന്ന് തനിക്ക് അറിവില്ലായിരുന്നുവെന്നും, അതിനാൽ തന്നെ അയാളുടെ വാക്കുകൾ അനുസരിക്കാൻ താൻ ഏതാണ്ട് തയ്യാറായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഉള്ളിലെവിടെയോ തോന്നിയ അപകടസൂചന തന്നെ പിന്തിരിപ്പിച്ചു. "ആ പ്രായത്തിൽ സിനിമാ ലോകത്തെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയില്ലായിരുന്നു. ഒരുപക്ഷേ ജീവിതം ഇങ്ങനെയായിരിക്കും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഏകദേശം സമ്മതിച്ചതായിരുന്നു, എങ്കിലും പൂർണമായി തയ്യാറായിരുന്നില്ല," ഐശ്വര്യ പറഞ്ഞു.

ആ സാഹചര്യത്തിൽ നിന്നും രക്ഷപ്പെടാൻ, സഹോദരന്റെ അനുവാദം ചോദിക്കണമെന്ന് പറഞ്ഞ് ഐശ്വര്യ അവിടെ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെട്ടു. "ഇതുപോലെ എത്ര പെൺകുട്ടികളെ അയാൾ വഞ്ചിച്ചിട്ടുണ്ടാകും എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഞാൻ ഒരിക്കലും ഇക്കാര്യം എന്റെ സഹോദരനോട് പറഞ്ഞിട്ടില്ല," അവർ വെളിപ്പെടുത്തി.

അതേ അഭിമുഖത്തിൽ തന്നെ ഒരു സംവിധായകൻ സെറ്റിൽ വെച്ച് തന്നോട് ആക്രോശിച്ചതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. "ജോലിക്ക് അല്പം വൈകി എത്തിയപ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളുടെ മുന്നിൽ വെച്ച് സംവിധായകൻ എന്നോട് ദേഷ്യപ്പെട്ടു. മറ്റ് നടിമാരുമായി എന്നെ എപ്പോഴും താരതമ്യം ചെയ്യുമായിരുന്നു. അദ്ദേഹം എന്നോട് ചെയ്തത് തെറ്റാണ്, എല്ലാവരുടെയും മുന്നിൽ വെച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല. ഒരാൾക്ക് തെറ്റ് പറ്റിയാൽ പോലും അവരെ ഇത്തരത്തിൽ അപമാനിക്കരുത്," നടി പറഞ്ഞു.‌

അർജുനൊപ്പം അഭിനയിച്ച 'തീയവർ കുലകൾ നടുങ്ക' എന്ന തമിഴ് ചിത്രത്തിലാണ് ഐശ്വര്യ രാജേഷ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. കൂടാതെ 2025-ലെ ഹിറ്റ് ചിത്രമായ 'സങ്കരാന്തിക്കി വസ്തുന്നം' എന്ന സിനിമയിലും താരം വേഷമിട്ടിരുന്നു. ഭരത് ദർശൻ സംവിധാനം ചെയ്യുന്ന 'ഓ..! സുകുമാരി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണിപ്പോൾ ഐശ്വര്യ.

TAGS :

Next Story