'ഒരു വെളുപ്പാന്‍ കാലത്ത് ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയില്‍ വന്നിറങ്ങിയ സോണിയ, സ്വീകരിച്ചത് രാജീവും അമിതാഭ് ബച്ചനും ചേര്‍ന്ന്'; ഓര്‍ത്തെടുത്ത് എ.കെ ആൻ്റണി
തനിക്ക് കാൻസറാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോള്‍ വിദേശത്തേക്ക് ചികിത്സക്ക് അയച്ചത് സോണിയ ആയിരുന്നുവെന്ന് ആൻ്റണി. വിദേശത്തെ പരിശോധനയിലാണ് കാൻസർ അല്ലെന്ന് തെളിഞ്ഞത്

ന്യൂഡല്‍ഹി: സോണിയ ഗാന്ധി ആദ്യമായി ഇന്ത്യയിലെത്തിയത് മുതലുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന സോണിയയുടെ ഓര്‍മക്കുറിപ്പ് വായിച്ചശേഷം 'മലയാള മനോരമ'യില്‍ എഴുതിയ ലേഖനത്തിലാണ് ആന്റണി സോണിയയെ കുറിച്ചും ഒപ്പം പ്രവര്‍ത്തിച്ച അനുഭവത്തെ കുറിച്ചും ഓര്‍ത്തെടുത്തത്. സോണിയയുടെ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഏക മലയാളി രാഷ്ട്രീയ നേതാവാണ് ആന്റണി.
സോണിയ ആദ്യമായി ഇന്ത്യയിലെത്തിയതിനെ കുറിച്ച് ആന്റണി എഴുതുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി, സ്‌നേഹിക്കുന്ന പുരുഷനെത്തേടി ഇറ്റലിയിലെ കൊച്ചു പട്ടണത്തില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ താണ്ടി ഇന്ത്യയിലേക്ക് ഒറ്റയ്‌ക്കെത്തുകയായിരുന്നുവെന്ന് ആന്റണി പറയുന്നു. ഒരു വെളുപ്പാന്‍കാലത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ സോണിയയെ രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും ചേര്‍ന്നാണ് സ്വീകരിച്ചത്. സോണിയ അന്നുമുതല്‍ ഇന്ത്യക്കാരിയാകാനുള്ള ശ്രമമാരംഭിച്ചു. പതിയെ അവര്‍ ഇന്ത്യന്‍ രീതികള്‍ മനസ്സിലാക്കി.
രാജീവ് ഗാന്ധിയുടെ മരണവിവരമറിഞ്ഞ് സോണിയ വാടിത്തളര്‍ന്നു വീണുപോയെന്ന് ആന്റണി എഴുതുന്നു. പിന്നീട് ഡല്‍ഹിയിലെത്തുമ്പോള്‍ താന്‍ സോണിയയെ കാണുമായിരുന്നു. വിധവയായി, തൂവെള്ള സാരിയുടുത്ത് അവര്‍ ഇരിക്കും. പറയുന്നതെല്ലാം കേള്‍ക്കും. മറുപടിയൊന്നുമില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് താനടക്കമുള്ളവര്‍ ആവശ്യപ്പെടുമായിരുന്നു. അതിനും മൗനമായിരുന്നു മറുപടി. ഒടുവില്‍ കൊല്‍ക്കത്തയിലെ എഐസിസി സമ്മേളനത്തില്‍ സീതാറാം കേസരി അവരെ വേദിയിലേക്ക് വിളിച്ചു. ഇന്ത്യയുടെ വൈവിധ്യം തകര്‍ക്കപ്പെടുമെന്ന ഘട്ടത്തിലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ സോണിയ തീരുമാനിച്ചത്.
തനിക്ക് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യവും ആന്റണി ഓര്‍ത്തെടുക്കുന്നു. ശരീരഭാരം കുറയുന്ന രോഗം 2014ല്‍ തനിക്കുണ്ടായി. കാന്‍സറാണെന്ന് നാല് ആശുപത്രികള്‍ ഉറപ്പിച്ചുപറഞ്ഞു. മജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമാണെന്നു വിധിയെഴുതി. എയിംസില്‍ ചികിത്സയ്ക്കു തീയതിയും നിശ്ചയിച്ചു. ഒരു ദിവസം സോണിയയെ ചെന്നുകണ്ട് തനിക്ക് കാന്‍സറാണെന്നും എയിംസില്‍ ചികിത്സയാരംഭിക്കാന്‍ പോകുകയാണെന്നും അറിയിച്ചു. അവരുടെ മുഖം മാറി. 'നോ, നോ' എന്നു പറഞ്ഞ് അവര്‍ വിലക്കി. രോഗം സംബന്ധിച്ച് വിദഗ്ധാഭിപ്രായത്തിനായി വിദേശത്തേക്കു പോകണമെന്ന് കര്‍ശനമായി പറഞ്ഞു. സോണിയയുടെ ഇടപെടലില്‍ തടസ്സങ്ങളെല്ലാം അതിവേഗം മറികടന്നു. എല്ലാ ചെലവും കോണ്‍ഗ്രസ് ഏറ്റെടുത്തു. യുഎസില്‍ നടത്തിയ പരിശോധനയില്‍ കാന്‍സറില്ലെന്ന് സ്ഥിരീകരിച്ചു. പ്രോട്ടീന്റെ കുറവുമൂലമുണ്ടാകുന്ന പ്രശ്‌നമാണെന്ന് കണ്ടെത്തി. സോണിയ ഇടപെട്ടില്ലായിരുന്നെങ്കില്‍ എയിംസില്‍ ഇല്ലാത്ത കാന്‍സറിനുള്ള ശസ്ത്രക്രിയയ്ക്ക് ഞാന്‍ വിധേയനാകുമായിരുന്നു -ആന്റണി പറഞ്ഞു.
Adjust Story Font
16

