Quantcast

അർധരാത്രിക്ക് ശേഷം ഒഴുകിയത് 17 ലക്ഷം വോട്ടുകൾ; ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം

ഓരോ 20 സെക്കൻഡിലും ഒരു വോട്ട് എന്ന നിലയിലാണ് അർധരാത്രിക്ക് ശേഷം പോളിങ് നടന്നതെന്ന് പരകാല പ്രഭാകർ ആരോപിച്ചു

MediaOne Logo
അർധരാത്രിക്ക് ശേഷം ഒഴുകിയത് 17 ലക്ഷം വോട്ടുകൾ; ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം
X

ന്യൂഡൽഹി: 2024-ലെ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ. അർധരാത്രിക്ക് ശേഷം 17 ലക്ഷം പേർ വോട്ട് ചെയ്‌തെന്നും ഓരോ 20 സെക്കൻഡിലും ഓരോ വോട്ട് രേഖപ്പെടുത്തിയതായും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 3,500 ബൂത്തുകളിൽ പുലർച്ചെ രണ്ട് മണി വരെ വോട്ടിങ് നടന്നതായി അദ്ദേഹം പറഞ്ഞു.

ഓരോ 20 സെക്കൻഡിലും ഒരു വോട്ട് എന്ന നിലയിലാണ് അർധരാത്രിക്ക് ശേഷം പോളിങ് നടന്നത്. ചിലയിടങ്ങളിൽ വെറും ആറ് സെക്കൻഡിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഇവിഎം റീസെറ്റ് ആകാൻ തന്നെ 14 സെക്കൻഡ് വേണമെന്നിരിക്കെ, ഇത് എങ്ങനെ സാധ്യമാകുമെന്ന് പരകാല പ്രഭാകർ ചോദിച്ചു. രാത്രി എട്ട് മണിക്കും പുലർച്ചെ രണ്ട് മണിക്കും ഇടയിൽ ഏകദേശം 52 ലക്ഷം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ആരോപണങ്ങൾ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതികൾ ഉന്നയിക്കാൻ നിയമപരമായ മാർഗങ്ങൾ ഉണ്ടായിരുന്നിട്ടും ആരും കോടതിയെ സമീപിച്ചില്ലെന്ന് വ്യക്തമാക്കി. രണ്ട് വർഷത്തിന് ശേഷം ഇത്തരം കണക്കുകൾ പുറത്തുവിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കമ്മീഷൻ വൃത്തങ്ങൾ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മയെ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ രൂക്ഷമായി വിമർശിച്ചു. ഓരോ ബൂത്തിലെയും വോട്ട് കണക്കുകൾ വ്യക്തമാക്കുന്ന ഫോം 17 സി എന്തുകൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് രേഖകളുടെ കൃത്യമായ ഓഡിറ്റിങ് വേണമെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറേഷി ആവശ്യപ്പെട്ടു. ബൂത്ത് തലത്തിൽ സീൽ ചെയ്ത ഫോം 17 സിയിലെ കണക്കുകളും പിന്നീട് പുറത്തുവിടുന്ന ആകെ കണക്കുകളും തമ്മിൽ എന്തുകൊണ്ട് വ്യത്യാസം വരുന്നു എന്നത് പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

2024-ൽ നടന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 175-ൽ 164 സീറ്റുകൾ നേടി വൻ വിജയം കൈവരിച്ചിരുന്നു. പോളിങ് അവസാനിച്ച ദിവസം 68.04 ശതമാനമായിരുന്ന വോട്ടിങ് നില. നാല് ദിവസത്തിന് ശേഷം അന്തിമ വോട്ടിങ് നില 81.79 ശതമാനമായാണ് കമ്മീഷൻ പുതുക്കി നിശ്ചയിച്ചത്. ഇതാണ് ഇപ്പോൾ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

TAGS :

Next Story