അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം: മുൻകൂർ ജാമ്യംതേടി കോൺഗ്രസ് നേതാവ് പവൻ ഖേഡ സുപ്രിംകോടതിയിൽ
അസം മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നാണ് പവൻ ഖേഡയുടെ പ്രധാന ആരോപണം

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭൂയാൻ ശർമ്മക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേഡ സുപ്രിംകോടതിയിലേക്ക്. ഗുവാഹത്തി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഖേഡ പരമോന്നത കോടതിയിൽ ഹരജി നൽകിയത്. അസം മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നാണ് പവൻ ഖേഡയുടെ പ്രധാന ആരോപണം.
സർക്കാർ ഭൂമി കൈക്കലാക്കാൻ വ്യാജരേഖകൾ ചമച്ചുവെന്നും ഇതിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരിട്ട് പങ്കുണ്ടെന്നും ഖേഡ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കാർഷിക ആവശ്യങ്ങൾക്കായി നീക്കിവെച്ച ഭൂമി വ്യവസായ ആവശ്യങ്ങൾക്കായി മാറ്റിയെടുത്തെന്നും ഇതിനായി സബ്സിഡി ഇനത്തിൽ വലിയ തുക കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഈ ആരോപണങ്ങളെത്തുടർന്ന് റിങ്കി ഭൂയാൻ ശർമ്മ നൽകിയ പരാതിയിലാണ് അസം ക്രൈംബ്രാഞ്ച് ഖേഡയ്ക്കെതിരെ കേസെടുത്തത്. കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഖേഡയുടെ ഡൽഹിയിലെ വസതിയിൽ അസം പൊലീസ് മണിക്കൂറുകളോളം പരിശോധന നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. നേരത്തെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ച ഖേഡയ്ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും മുൻകൂർ ജാമ്യം നൽകാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ നിയമപരമായ പരിരക്ഷ തേടി അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.
രാഷ്ട്രീയ വിവാദങ്ങൾ പുകയുന്ന പശ്ചാത്തലത്തിൽ, പവൻ ഖേഡയുടെ ഹരജിയിൽ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് കോൺഗ്രസിനും അസം സർക്കാരിനും ഒരുപോലെ നിർണ്ണായകമാകും.
Adjust Story Font
16

