'ദലിതർക്ക് ആർഎസ്എസിനെ ചോദ്യം ചെയ്യാൻ അവകാശമില്ലേ?' ബിജെപി എംപിയുടെ ഭീഷണിക്ക് മറുപടിയുമായി പ്രിയങ്ക് ഖാർഗെ
അംബേദ്കറുടെ ആശയങ്ങളെ പിന്തുടരുന്നിടത്തോളം ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രിയങ്ക് ഖാർഗെ

- Published:
19 Jun 2026 6:28 PM IST

ന്യൂഡൽഹി: ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ രമേഷ് ജിഗജിനഗിയുടെ ജാതി അധിക്ഷേപത്തിന് മറുപടിയുമായി കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ജിഗജിനഗിയുടെ പരാമർശം വംശീയബോധത്തിൽ നിന്ന് ഉരുത്തിരിഞ്ഞെത്തിയതാണെന്നും തങ്ങളുടെ സംഘടനയെ ചോദ്യംചെയ്യുന്നൊരാളെ കുറിച്ചുള്ള മുൻധാരണയാണ് അതിന് പിന്നിലെന്നും പ്രിയങ്ക് ഖാർഗെ തിരിച്ചടിച്ചു.
ആർഎസ്എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട ആഭ്യന്തരമന്ത്രിയോട്, ദലിതനായ പ്രിയങ്ക് ഖാർഗെ എന്തിനാണ് ആർഎസ്എസിന്‍റെ കാര്യം നോക്കുന്നതെന്നും ആർഎസ്എസിനെ ചോദ്യം ചെയ്തവരൊന്നും നിലനിന്നിട്ടില്ലെന്നുമായിരുന്നു ജിഗജിനഗിയുടെ പരാമർശം. പിന്നാലെയാണ് മറുപടിയുമായി പ്രിയങ്ക് രംഗത്തെത്തിയത്. ജിഗജിനഗിയുടെ പരാമർശം നിരവധി ചോദ്യങ്ങൾക്ക് വഴിതുറന്നിട്ടിരിക്കുകയാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
'എന്നോടുള്ള ചോദ്യം രമേഷ് ജിഗജിനഗി സ്വന്തം അനുഭവത്തിൽ നിന്ന് പറിച്ചെടുത്തത് വല്ലതുമാണോ? ആർഎസ്എസ് എന്ന സംഘടനയുടെ ആഭ്യന്തരകാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ദലിതനായ ജിഗജിനഗിയ്ക്ക് അനുമതിയില്ലേ? ആർഎസ്എസ് പോലൊരു സംഘടനയിൽ നിന്ന് ദലിതർ അകന്നുനിൽക്കണമെന്നതിനുള്ള മുന്നറിയിപ്പായിരുന്നോ അത്? ദലിതനായ ഒരാൾക്ക് ആർഎസ്എസിനെ ചോദ്യംചെയ്യാൻ അവകാശമില്ലെന്നത് ഹാസ്യരൂപത്തിൽ പറഞ്ഞതായിരിക്കുമോ? ജനാധിപത്യപരമായി ആർഎസ്എസ് എന്ന സംഘടനയിൽ ദലിതർക്ക് ചേരാൻ സാധിക്കില്ലേ? നിസ്സഹായതയുടെ എക്സ്പ്രഷനായിരുന്നോ ജിഗജിനഗിയുടെ പ്രസ്താവന?' പ്രിയങ്ക് ഖാർഗെ പരിഹസിച്ചു.
ജിഗജിനഗിയുടെ ഭീഷണിയെ കുറിച്ചും ഖാർഗെ പ്രതികരിക്കുകയുണ്ടായി.'സംഘടനയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ട ഒരാളും നിലനിൽക്കുന്നില്ലെന്ന് പറഞ്ഞതുകൊണ്ട് എന്താണ് ഉദ്ദേശ്യം? ഇതെന്താ ആർഎസ്എസ് സംഘടന വല്ല ഭീകരവാദികളും വല്ലതുമാണോ? ചോദ്യം ചെയ്യുന്നവരെ അവർ ഇല്ലാതാക്കുമോ?' ഖാർഗെ ചോദിച്ചു. താൻ ബി.ആർ അംബേദ്കറുടെ ആശയങ്ങളെ പിന്തുടരുന്നയാളാണെന്നും അദ്ദേഹത്തിന്‍റെ രക്തം ഈ ഞരമ്പുകളിൽ ഒഴുകുന്നിടത്തോളം കാലം ഭീഷണികളെ കാര്യമാക്കുന്നില്ലെന്നും ഖാർഗെ വ്യക്തമാക്കി.
'ബാബാസാഹെബ് അംബേദ്കറുടെ ആശയങ്ങളെ പിൻപറ്റുന്നയാളാണ് ഞാൻ. ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം ലഭിച്ചത് അദ്ദേഹത്തിൽ നിന്നാണ്. ബാബാസാഹെബിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർക്ക് പിന്നീടൊന്നും പേടിക്കാനില്ല'. അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് നേതാവിന്‍റെ വംശീയാധിക്ഷേപത്തിന് അർഹിക്കുന്ന തിരിച്ചടി നൽകിയ ഖാർഗെയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാവ് പവൻ ഖേഡയും രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസ് ജാതീയമായ ആക്രമണങ്ങൾ നടത്തുകയാണെന്നും ഇതിനെതിരായ ചെറുത്തുനിൽപ്പ് മാത്രമാണ് പ്രിയങ്ക് ഖാർഗെ നടത്തിയതെന്നും ഖേഡ പറഞ്ഞു.
ആർഎസ്എസ് രജിസ്റ്റർ ചെയ്യണമെന്നും അതിന് രേഖകൾ ശരിയാക്കിവെക്കണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് പ്രിയങ്ക് ഖാർഗെ കത്തെഴുതിയിരുന്നു. ആർഎസ്എസിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 13നാണ് പ്രിയങ്ക് കത്തെഴുതിയത്. കർണാടകയിൽ നാലായിരത്തിലധികം ശാഖകളും വലിയ പരിപാടികളും നടത്തുന്ന ആർഎസ്എസ് എന്തുകൊണ്ട് നിയമപരമായ സ്ഥാപനമായി രജിസ്റ്റർ ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഫണ്ടിങ് സ്രോതസ്സുകൾ, സ്വത്തുകൾ എന്നിവ വെളിപ്പെടുത്തണമെന്നും നികുതി ബാധ്യതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുകയുണ്ടായി. ഒരു സ്ഥാപനവും പരിശോധനകൾക്ക് അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെയാണ് ജിഗജിനഗി ജാതീയാധിക്ഷേപം നടത്തിയത്.
Adjust Story Font
16
