രാജ്യത്ത് നക്‌സലിസം അവസാനഘട്ടത്തിൽ; ചുവപ്പ് ഇടനാഴി വികസന ഇടനാഴിയായി മാറി: അമിത് ഷാ
നക്‌സലിസത്തെ ഇല്ലാതാക്കാൻ യുപിഎ സർക്കാരും വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലക പറഞ്ഞു

- Published:
30 March 2026 9:47 PM IST

ന്യൂഡൽഹി: രാജ്യത്തെ വികസനത്തിന് തടസമായിരുന്ന നക്‌സലിസം നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ അവസാനിക്കാറായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആയുധമെടുക്കുന്നവരോട് കർശനമായ സമീപനമായിരിക്കും സർക്കാരിന്റേതെന്നും, വെടിയുണ്ടക്ക് വെടിയുണ്ടകൊണ്ട് തന്നെ മറുപടി നൽകുമെന്നും അദ്ദേഹം ലോക്‌സഭയിൽ വ്യക്തമാക്കി. നക്‌സലിസം തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചട്ടം 193 പ്രകാരം നടന്ന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
നക്‌സലൈറ്റുകൾ 12 സംസ്ഥാനങ്ങളിലായി സൃഷ്ടിച്ച 'ചുവപ്പ് ഇടനാഴി' കാരണം ആ പ്രദേശങ്ങളിൽ നിയമവാഴ്ച തകർന്നിരുന്നതായി അമിത് ഷാ ചൂണ്ടിക്കാട്ടി. നക്‌സലിസം മൂലം 20,000 പേർക്ക് ജീവൻ നഷ്ടമായി. 12 കോടി ജനങ്ങൾ വർഷങ്ങളോളം വികസനമില്ലാതെ ദാരിദ്ര്യത്തിൽ കഴിഞ്ഞു. 2014ൽ 126 ജില്ലകളിൽ നക്‌സൽ സ്വാധീനമുണ്ടായിരുന്നത് ഇപ്പോൾ രണ്ട് ജില്ലകളായി കുറഞ്ഞു. 2024 മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ 706 നക്‌സലൈറ്റുകളെ ഏറ്റുമുട്ടലുകളിൽ വധിച്ചു. 2,218 പേർ പിടിയിലാവുകയും 4,839 പേർ കീഴടങ്ങുകയും ചെയ്തു. ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ നക്‌സലിസം ഏതാണ്ട് അവസാനിച്ചതായും അദ്ദേഹം പറഞ്ഞു.
നക്‌സലിസം രാജ്യത്തിന് വലിയ ഭീഷണിയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സമ്മതിച്ചിരുന്നെങ്കിലും അത് തടയാൻ കോൺഗ്രസ് ഒന്നും ചെയ്തില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 1970 കളിൽ നക്‌സൽബാരിയിൽ തുടങ്ങിയ അക്രമം 80 കളിൽ പീപ്പിൾസ് വാർ ഗ്രൂപ്പിലൂടെ മഹാരാഷ്ട്രയിലേക്കും ഒഡീഷയിലേക്കും വ്യാപിച്ചപ്പോഴും കോൺഗ്രസ് ഭരണത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നക്‌സലിസത്തെ ഇല്ലാതാക്കാൻ യുപിഎ സർക്കാരും വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലക പറഞ്ഞു. 2008-ൽ കോബ്ര യൂണിറ്റ് സ്ഥാപിച്ചതും നക്‌സൽ ബാധിത പ്രദേശങ്ങളിൽ സ്‌കൂളുകളും റോഡുകളും നിർമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16
