Quantcast

അമൃത്സർ ക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം: മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മറ്റൊരു പ്രതിയായ വിശാൽ രക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Published:

    17 March 2025 1:13 PM IST

അമൃത്സർ ക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം: മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
X

അമൃതസര്‍: അമൃത്സർ ക്ഷേത്രത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ മുഖ്യപ്രതി തിങ്കളാഴ്ച പുലർച്ചെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പഞ്ചാബ് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗുർസിദക് സിങ് എന്ന പ്രതി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മറ്റൊരു പ്രതിയായ വിശാൽ രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.

മാർച്ച് 15 നാണ് താക്കൂർ ദ്വാര ക്ഷേത്രത്തിന് പുറത്ത് സ്ഫോടനം ഉണ്ടായത്. പ്രതികളിൽ ഒരാൾ സ്ഫോടകവസ്തു ക്ഷേത്രത്തിലേക്ക് എറിയുകയായിരുന്നു. ആക്രമണത്തിൽ ക്ഷേത്രത്തിന്റെ ഭിത്തിയുടെ ഒരു ഭാഗവും ജനല്ചില്ലുകളും തകർന്നിരുന്നു. പുലർച്ചെ 12:35 ഓടെയുണ്ടായ ശക്തമായ സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തിയെങ്കിലും ആളപായമൊന്നും ഉണ്ടായില്ല. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

സംഭവത്തിൽ അന്വേഷണം നടക്കുന്നതിടെ രാജസാൻസി പ്രദേശത്ത് പ്രതികൾ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. പ്രതികളെ പിടികൂടാനായി സിഐഎയിലെയും ഛെഹാർട്ട പൊലീസിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു സംഘം രുപീകരിച്ചിരുന്നു. മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ, വാഹനം ഉപേക്ഷിച്ച് ഇവർ വെടിയുതിർത്തുവെന്നാണ് പൊലീസ് വിശദീകരണം.

ആക്രമണത്തിൽ ഹെഡ് കോൺസ്റ്റബിൾ ഗുർപ്രീത് സിങ്ങിനും ഹെഡ് കോൺസ്റ്റബിൾ ഗുർപ്രീത് സിങ്ങിനും പരിക്കേറ്റിട്ടുണ്ട്. മൂന്നാമതും പ്രതികൾ വെടിയുതിർക്കുകയും ഇത് പൊലീസ് വാഹനത്തിന് മേൽ പതിക്കുകയും ചെയ്തു. പിന്നാലെയാണ് സ്വയം പ്രതിരോധത്തിനായി ഇൻസ്പെക്ടർ വിനോദ് കുമാർ തിരിച്ച് വെടിവെച്ചത്. അപ്പോൾ ഗുർസിദക് സിങ്ങിന് പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ ഉദ്യോഗസ്ഥരെയും പ്രതിയെയും സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുർസിദാക് പിന്നീട് മരിച്ചു.

TAGS :

Next Story