Quantcast

​ഗുജറാത്തിൽ 26കാരിയായ ബിഎൽഒ കുളിമുറിയിൽ‍ മരിച്ച നിലയിൽ

എസ്ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട് ബിഎൽഒമാരുടെ മരണങ്ങൾ സംസ്ഥാനത്തും ആശങ്ക ഉയർത്തിയിരിക്കെയാണ് ഉദ്യോ​ഗസ്ഥയുടെ മരണം.

MediaOne Logo

Web Desk

  • Published:

    24 Nov 2025 9:59 PM IST

Another BLO found dead under suspicious circumstances in Gujarat
X

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ ജോലിസമ്മർദത്തെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർമാർ ആത്മഹത്യ ചെയ്യുകയും ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്യുന്ന വാർത്തകൾക്കിടെ ​ഗുജറാത്തിൽ 26കാരിയായ ബിഎൽഒ മരിച്ച നിലയിൽ. സൂറത്ത് മുനിസിപ്പൽ കോർപറേഷൻ ടെക്നിക്കൽ അസിസ്റ്റന്റായ ഡിങ്കൽ ഷിംഗോടാവാലയെയാണ് കുളിമുറിയിൽ‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുളിമുറിയിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ഡിങ്കലിനെ കുടുംബാംഗങ്ങൾ സൂറത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഓൾപാഡ് താലൂക്കിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഡിങ്കൽ, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷന്റെ വരാച്ച സോണിൽ ടെക്നിക്കൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

ഇതോടൊപ്പമാണ്, എസ്ഐആർ പ്രവർത്തനത്തിനായി ബൂത്ത് ലെവൽ ഓഫീസറുടെ അധിക ചുമതലയും കൈകാര്യം ചെയ്തിരുന്നത്. കുളിമുറിക്കുള്ളിൽ ഗ്യാസ് ഗീസർ ഉണ്ടായിരുന്നെന്നും ഇതിൽനിന്നുള്ള വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാകാം യുവ ഉദ്യോ​ഗസ്ഥ മരിച്ചതെന്നുമാണ് പൊലീസ് നി​ഗമനം.

ജോലിഭാരവുമായി ബന്ധപ്പെട്ട് ബിഎൽഒമാരുടെ മരണങ്ങൾ സംസ്ഥാനത്തും ആശങ്ക ഉയർത്തിയിരിക്കെയാണ് ഡിങ്കലിന്റെ മരണം. എന്നാൽ, ഡിങ്കലിന്റെ വർക്ക് റിപ്പോർട്ട് ഏറെ മികച്ചതായിരുന്നെന്നും അവർ എസ്ഐആർ ജോലികൾ വളരെ വേഗത്തിൽ ചെയ്തിരുന്നെന്നും ഏൽപ്പിച്ച ജോലിയുടെ 45 ശതമാനവും ഇതിനകം പൂർത്തിയാക്കിയിരുന്നതായും ജോലി സാഹചര്യങ്ങളെ ന്യായീകരിച്ച് ഡെപ്യൂട്ടി കലക്ടർ നേഹ സവാനി പറഞ്ഞു.

അതേസമയം, അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഡിങ്കലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നാൽ യഥാർഥ മരണകാരണം വ്യക്തമാകുമെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ഇതുവരെ 14 പേരാണ് വിവിധ സംസ്ഥാനങ്ങളിൽ എസ്‌ഐആർ പ്രക്രിയയുടെ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയും ഹൃദയാഘാതമുൾപ്പെടെ മൂലം മരിക്കുകയും ചെയ്തത്.

ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ ബിഎൽഒമാർ മരിച്ചത്- നാല് പേർ. ബിഎൽഒമാരായ അരവിന്ദ് വധേർ, രമേശ് പർമാർ, ബിഎൽഒ അസിസ്റ്റന്റുമാരായ ഉഷാ ബെൻ, കൽപന പട്ടേൽ എന്നിവരാണ് ഇവിടെ മരിച്ചത്. ഇതിൽ ഗിർ സോമനാഥ് ജില്ലയിലെ ഛാര ഗ്രാമത്തിലെ ബിഎൽഒ ആയ അരവിന്ദ് എസ്‌ഐആർ ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കുകയായിരുന്നു. മറ്റ് മൂന്നുപേരും സമ്മർദം താങ്ങാനാവാതെ ഹൃദയാഘാതത്തൈ തുടർന്നാണ് മരിച്ചത്.

പശ്ചിമബംഗാളിൽ എസ്‌ഐആർ മൂന്ന് ബിഎൽഒമാരുടെ ജീവനാണെടുത്തത്. ശാന്തി മുനി, നമിത ഹൻസ്ദ, റിങ്കു തരഫ്ദാർ എന്നിവരാണ് മരിച്ചത്. ഇതിൽ ശാന്തി മുനിയും റിങ്കു തരഫ്ദാറും ജീവനൊടുക്കുകയും നമിത ഹൻസ്ദ സെറിബ്രൽ അറ്റാക്ക് മൂലം മരിക്കുകയുമായിരുന്നു. ഉദയ്ഭാനു സിങ്, ഭുവൻ സിങ് എന്നിവരാണ് മധ്യപ്രദേശിൽ മരിച്ച ബിഎൽഒമാർ. രാജസ്ഥാനിലും രണ്ട് പേരാണ് മരിച്ചത്- മുകേഷ് ജങ്കിദ്, ശാന്താറാം എന്നിവർ. ഇതിൽ ശാന്താറാം എസ്ഐആർ സൂപ്പർവൈസറാണ്.

ഉത്തർപ്രദേശിലും തമിഴ്‌നാട്ടിലും കേരളത്തിലും ഓരോരുത്തർ വീതവും മരിച്ചു. കേരളത്തിൽ കണ്ണൂരിലെ ബിഎൽഒ ആയ അനീഷ് ജോർജാണ് എസ്‌ഐആർ ജോലിഭാരം മൂലം ആത്മഹത്യ ചെയ്തത്. തമിഴ്‌നാട്ട് തിരുക്കൊല്ലൂരിലെ ജാഹിത ബീഗമാണ് ജീവനൊടുക്കിയത്. യുപിയിൽ വിജയ് കെ. വർമയാണ് എസ്‌ഐആർ ജോലികൾക്കിടെ മരിച്ചത്. എസ്ഐആർ‍ ജോലിഭാരം മൂലം മരിക്കുന്ന ബിഎൽഒമാരുടെ എണ്ണം കൂടുന്നതിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി കഴിഞ്ഞദിവസം വിമർശനമുന്നയിച്ചിരുന്നു.

TAGS :

Next Story