Quantcast

'അറസ്റ്റ് അപമാനം, എന്നെന്നേക്കുമായി മുറിവേൽപ്പിക്കും'; നിയമവിരുദ്ധ അറസ്റ്റിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി

നിയമം ദുരുപയോഗം ചെയ്താണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്യുകയും 20 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തത്. ഭരണഘടനാ കോടതികൾ എന്ന നിലയിൽ ഞങ്ങൾക്ക് അതി​നെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2025-10-05 06:10:36.0

Published:

5 Oct 2025 11:36 AM IST

Arrest
X

പ്രതീകാത്മക എഐ ചിത്രം |Photo|MediaOne

മുംബൈ: കർണാടക സ്വദേശിയെ വ്യാജകുറ്റം ചുമത്തി നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് 20 ദിവസത്തോളം കസ്റ്റഡിയിൽ വച്ചതിന് മഹാരാഷ്ട്ര സർക്കാറിന് ഒരു ലക്ഷം രൂപ പിഴയിട്ട് ബോംബെ ഹൈക്കോടതി. നിയമവിരുദ്ധ അറസ്റ്റ് അപമാനവും എന്നെന്നേക്കുമായി മുറിവേൽപ്പിക്കുന്നതാണെന്നും നിരീക്ഷിച്ച ഹൈക്കോടതി പൊലീസിനും സർക്കാറിനുമെതിരെ കടുത്ത വിമർശനവും ഉത്തരവിലുൾപ്പെടുത്തി.

ബാന്ദ്ര പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറും സബ് ഇൻസ്‌പെക്ടറുമായ പ്രദീപ് കെർക്കർ, കപിൽ ശിർസാത്ത് എന്നിവരാണ് മേൽ ഉദ്യോഗസ്ഥരുടെ അനുമതിയോടെ കർണാടക സ്വദേശിയായ വസന്തിനെ അറസ്റ്റ് ചെയ്തത്. എന്നാൽ മേലുദ്യോഗസ്ഥർ അറിയാതെ ഇരുവരും വിവിധ വകുപ്പുകളും എഫ്ഐആറിൽ ഉൾപ്പെടുത്തിയെന്ന് ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, സന്ദേശ് പാട്ടീൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥരും വൃക്തമായ തെളിവുകളുണ്ടോ എന്ന് പരിശോധിക്കാതെയാണ് അറസ്റ്റിന് അനുമതി നൽകിയത്.

2024 ഒക്ടോബർ 23 നാണ് വസന്ത നായകിനെ അറസ്റ്റ് ചെയ്തതും തുടർന്ന് 20 ദിവ​സത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തത്. നോട്ടീസ് നൽകുന്നത് ഒഴിവാക്കാൻ കെർക്കറും ഷിർസാത്തും മനഃപ്പൂർവ്വം ഈ കേസിൽ സെക്ഷൻ 409 ചുമത്തുകയായിരുന്നു. നിയമം ദുരുപയോഗം ചെയ്താണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്യുകയും 20 ദിവസം ജയിലിൽ അടയ്ക്കുകയും ചെയ്തത്. ഭരണഘടനാ കോടതികൾ എന്ന നിലയിൽ ഞങ്ങൾക്ക് അതി​നെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. ഒരു വ്യക്തിയുടെ അറസ്റ്റ് ഗുരുതരമായ കാര്യമാണ്. അറസ്റ്റ് അപമാനമുണ്ടാക്കുകയും സ്വാതന്ത്ര്യത്തെ ഹനിക്കുകയും എന്നെന്നേക്കുമായി മുറിവേൽപ്പിക്കുകയും ചെയ്യുന്നതാണ് സെപ്റ്റംബർ 29 ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.

‘ഇന്ന് മുതൽ ആറ് ആഴ്ചക്കുള്ളിൽ ഹരജിക്കാരന് 1,00,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിടുന്നു. പൊലീസ് ഉദ്യോഗസ്ഥർ ഹരജിക്കാരനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്താൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ മുംബൈ പൊലീസ് കമ്മീഷണറോട് നിർദ്ദേശിക്കുന്നു. ഈ ഉത്തരവ് ലഭിച്ച തിയതി മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. നഷ്ടപരിഹാരം പൂർണ്ണമായ അന്വേഷണത്തിന് ശേഷം ഹരജിക്കാരന്റെ നിയമവിരുദ്ധ അറസ്റ്റിന് ഉത്തരവാദികളാണെന്ന് കണ്ടെത്തുന്ന വ്യക്തിയുടെയോ വ്യക്തികളുടെയോ ശമ്പളത്തിൽ നിന്ന് ഈടാക്കും.’ ഉത്തരവിൽ കോടതി വ്യക്തമാക്കി.

ഇരയായ വസന്ത നായകും അദ്ദേഹത്തിന്റെ കസിൻസും ചേർന്ന് സ്ഥാപിച്ച ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസി​ന്റെ നിയമവിരുദ്ധ ഇടപെടൽ.

TAGS :

Next Story