Quantcast

മരിച്ചാലും രക്ഷയില്ല; സ്വർണാഭരണങ്ങൾക്കായി ശ്മശാനത്തിൽ നിന്ന് വയോധികമാരുടെ മൃതദേഹാവശിഷ്ടവും ചിതാഭസ്മവും മോഷ്ടിച്ചു

ശനിയാഴ്ച സ്ത്രീകളിലൊരാളുടെ കുടുംബാം​ഗങ്ങൾ സംസ്കാര സ്ഥലത്തെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്.

MediaOne Logo

Web Desk

  • Published:

    2 Nov 2025 1:28 PM IST

Ashes stolen from cremation ground or gold
X

ഹൈദരാബാദ്: സ്വർണത്തിന് വില കൂടിയതോടെ പലയിടത്തും മോഷണവും വർധിച്ചു. ഇപ്പോൾ ഇതാ, വീടുകളും കടകളും കടന്ന് ശ്മശാനത്തിലേക്കെത്തി മോഷ്ടാക്കൾ. തെലങ്കാനയിൽ സ്വർണത്തിനായി ശ്മശാനത്തിൽ നിന്ന് സ്ത്രീകളുടെ മൃതദേഹാവശിഷ്ടവും ചിതാഭസ്മവും മോഷ്ടിച്ചിരിക്കുകയാണ് കള്ളന്മാർ.

മേദക് ജില്ലയിലെ ചെ​ഗുണ്ടയിലാണ് സംഭവം. രണ്ട് വൃദ്ധ സ്ത്രീകളുടെ മൃതദേഹാവശിഷ്ടമാണ് മോഷണം പോയത്. ഒക്ടോബർ 30ന് മരിച്ച മുരാഡി നസ്റമ്മ, 31ന് മരിച്ച നാ​ഗമണി എന്നിവരുടെ മൃതദേഹം പ്രദേശത്തെ വൈകുണ്ഠധാം ശ്മശാനത്തിലാണ് സംസ്കരിച്ചത്.

ശനിയാഴ്ച നാ​ഗമണിയുടെ കുടുംബാം​ഗങ്ങൾ സംസ്കാര സ്ഥലത്തെത്തിയപ്പോൾ, പകുതി കത്തിയ മൃതദേഹ ഭാ​ഗങ്ങൾ കുഴിച്ചെടുത്തിരിക്കുന്നത് കാണുകയായിരുന്നു. അടുത്തുണ്ടായിരുന്ന നസ്റമ്മയുടെ ചിത നോക്കിയപ്പോൾ തലയുടെ ഭാ​ഗത്തെ ഭസ്മം കാണാനില്ല. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി.

‌സംസ്കാര വേളയിൽ, കുടുംബാംഗങ്ങൾ മരിച്ചയാളുടെ വായിൽ ചെറിയ സ്വർണക്കഷണങ്ങൾ വയ്ക്കാറുണ്ട്. കൂടാതെ പ്രായമായ സ്ത്രീകളുടെ കാതുകളിലെ ആഭരണങ്ങളടക്കം ഊരാറുമില്ല. ഇത്തരത്തിൽ മൃതദേഹത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ചിലർ അവശിഷ്ടങ്ങൾ മോഷ്ടിച്ചതാകാമെന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story