Quantcast

ഹിമന്തയുടെ ഭാര്യയുടെ പരാതിയിൽ നടപടി: പവൻ ഖേരയുടെ ഡൽഹിയിലെ വീട്ടിലെത്തി അസം പൊലീസ്

ഒളിച്ചോടില്ലെന്നും താൻ നിലവിൽ ഹൈദരാബാദിലാണെന്നും ഖേര

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-07 15:21:58.0

Published:

7 April 2026 8:49 PM IST

ഹിമന്തയുടെ ഭാര്യയുടെ പരാതിയിൽ നടപടി: പവൻ ഖേരയുടെ ഡൽഹിയിലെ വീട്ടിലെത്തി അസം പൊലീസ്
X

ഹിമന്ത ബിശ്വ ശർമ്മ- പവന്‍ ഖേര  Image- PTI

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ നടപടികളാരംഭിച്ച് അസം പൊലീസ്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിലുള്ള ഖേരയുടെ വസതിയിൽ അസം പൊലീസ് സംഘം എത്തിയെങ്കിലും അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

ഹിമന്തയുടെ ഭാര്യ റിനികി ഭുയാന്, മൂന്ന് പാസ്‌പോർട്ടുണ്ടെന്ന് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ ഖേര ആരോപിച്ചിരുന്നു. പിന്നാലെയാണ് അവർ പൊലീസിൽ പരാതി നൽകിയതും അസം പൊലീസ് പരിശോധനയ്ക്കായി ഖേരയുടെ വീട്ടിലെത്തി പരിശോധന നടത്തിയതും. ഡൽഹി പൊലീസും ഇവർക്കൊപ്പമുണ്ടായിരുന്നു.

അതേസമയം ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും താൻ നിലവിൽ ഹൈദരാബാദിലാണെന്നും ഖേര പ്രതികരിച്ചു. ഇന്ന് തന്നെ അസമിലേക്ക് മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ, ഈജിപ്ത്, ആന്റിഗ്വ ആൻഡ് ബാർബുഡ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത പാസ്‌പോർട്ടുകൾ റിനികിക്ക് ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം പവൻ ഖേര ആരോപിച്ചിരുന്നത്. ദുബെയിൽ സ്വത്തുക്കളുണ്ടെന്നും അമേരിക്കയിലെ വ്യോമിംഗിൽ റിനികിക്ക് കമ്പനിയുണ്ടെന്നും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി ഈ വിവരങ്ങൾ മറച്ചുവെച്ചുവെന്നും പവന്‍ ഖേര ആരോപിച്ചിരുന്നു.

എന്നാല്‍ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് തള്ളിയ ഹിമന്ത ബിശ്വ ശർമ്മ, പവൻ ഖേരയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കളെ പരിഹസിച്ച അദ്ദേഹം, പവൻ ഖേരയെ 'പവൻ പേഡ' ആക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഏപ്രിൽ 9ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ. ബിജെപി 100ലധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്നും പവൻ ഖേരയ്ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

TAGS :

Next Story