13 വർഷങ്ങൾക്ക് ശേഷം തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് പുതുക്കി: പുതിയ നിരക്ക് ഇങ്ങനെ...
2013-ലാണ് സംസ്ഥാനത്ത് സർക്കാർ അംഗീകൃത ഓട്ടോ നിരക്ക് അവസാനമായി പരിഷ്കരിച്ചത്

ചെന്നൈ: തമിഴ്‌നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോറിക്ഷാ നിരക്കുകൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിരക്ക് വർധന ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകൾ രംഗത്ത് വന്നിരുന്നു.
പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാർജ് 25 രൂപയിൽ നിന്ന് 50 രൂപയാക്കി. ആദ്യ 1.8 കിലോമീറ്ററിനാണ് മിനിമം നിരക്ക് ബാധകമാകുക. തുടർന്ന് യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും നിലവിലുണ്ടായിരുന്ന 12 രൂപയ്ക്ക് പകരം 25 രൂപ ഈടാക്കും.
രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയുള്ള യാത്രകൾക്ക് സാധാരണ നിരക്കിന്റെ 1.5 ഇരട്ടി നിരക്ക് നൽകേണ്ടി വരും. വെയ്റ്റിംഗ് ചാർജ് മിനിറ്റിന് ഒരു രൂപയായും നിശ്ചയിച്ചിട്ടുണ്ട്. മുൻപ് 2013-ലാണ് സംസ്ഥാനത്ത് സർക്കാർ അംഗീകൃത ഓട്ടോ നിരക്ക് അവസാനമായി പരിഷ്കരിച്ചത്.
അന്ന് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപ മിനിമം ചാർജും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇന്ധനവില, ഇൻഷുറൻസ് പ്രീമിയം, സ്പെയർ പാർട്സുകളുടെ വില, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവുകൾ എന്നിവ ക്രമാതീതമായി ഉയർന്നതോടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനകൾ നിരന്തരമായി പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു.
പുതുക്കിയ നിരക്ക് സംബന്ധിച്ച സർക്കാർ ഗസറ്റ് വിജ്ഞാപനം ചൊവ്വാഴ്ച പുറത്തിറക്കി.
Adjust Story Font
16

