Quantcast

അയോധ്യ രാമക്ഷേത്ര സംഭാവനയിൽ വൻ അഴിമതി; വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ ആരോപണവുമായി എഎപി

വിശ്വഹിന്ദു പരിഷത്ത് മുൻ അഖിലേന്ത്യാ അധ്യക്ഷനും നിലവിൽ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമാണ് ചമ്പത് റായി

MediaOne Logo

Web Desk

  • Updated:

    2026-06-24 04:35:04

Published:

24 Jun 2026 10:04 AM IST

അയോധ്യ രാമക്ഷേത്ര സംഭാവനയിൽ വൻ അഴിമതി; വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ ആരോപണവുമായി എഎപി
X

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി ഇടപാടിലും സംഭാവനകളിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. വിശ്വഹിന്ദു പരിഷത്ത് മുൻ അഖിലേന്ത്യാ അധ്യക്ഷനും നിലവിൽ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്ക് ഈ തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നാണ് പാർട്ടി ആരോപിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതായും എഎപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

വെറും ഒമ്പത് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി, ചുരുങ്ങിയ സമയത്തിനുള്ളിൽ 55 കോടി രൂപയ്ക്ക് ക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിറ്റതായാണ് പ്രധാന ആരോപണം. ട്രസ്റ്റിന്റെ പണം ഉപയോഗിച്ച് വ്യക്തികൾക്ക് വൻ ലാഭമുണ്ടാക്കിക്കൊടുക്കാൻ ചമ്പത് റായിയുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടന്നുവെന്നാണ് ആക്ഷേപം. രാമക്ഷേത്ര നിർമാണത്തിനായി രാജ്യമെമ്പാടുമുള്ള സാധാരണക്കാരായ ഭക്തർ നൽകിയ സംഭാവന പണമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതെന്ന വസ്‌തുത വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

ക്ഷേത്ര ട്രസ്റ്റിന്റെ പണമിടപാടുകളിൽ കൃത്യമായ രേഖകളില്ലെന്ന് 2020ൽ തന്നെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ തുടക്കം മുതൽക്കേ സുതാര്യത കുറവായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിനായി വൻതുക സംഭാവന നൽകിയ വിവിധ ആളുകളുടെ മൊഴികൾ എസ്‌ഐടി നിലവിൽ രേഖപ്പെടുത്തിവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

TAGS :

Next Story