Quantcast

'ഇസ്‌ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം, കുടുംബസ്വത്ത് അമ്മക്കും സഹോദരിമാർക്കും വിട്ടുനൽകാം'; ലവ് ജിഹാദ് ആരോപണം തള്ളി ആയുഷ് മാലിക്

ഉത്തർപ്രദേശിലെ ഷാംലിയിലെ കോടീശ്വരനായ വ്യവസായിയുടെ മകനാണ് ആയുഷ് മാലിക്. സ്വത്ത് തട്ടിയെടുക്കാനുള്ള ​ഗൂഢാലോചനയുടെ ഭാ​ഗമാണ് മതംമാറ്റമെന്ന് കുടുംബം ആരോപിച്ചിരുന്നു

MediaOne Logo
ഇസ്‌ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം, കുടുംബസ്വത്ത് അമ്മക്കും സഹോദരിമാർക്കും വിട്ടുനൽകാം; ലവ് ജിഹാദ് ആരോപണം തള്ളി ആയുഷ് മാലിക്
X

ന്യൂഡൽഹി: മതം മാറിയതിൽ ലവ് ജിഹാദ് ആരോപണം തള്ളി ഉത്തർപ്രദേശിലെ ആയുഷ് മാലിക്. ഷാംലിയിലെ കോടീശ്വരനായ വ്യവസായിയുടെ മകനാണ് ആയുഷ് മാലിക്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും ഇപ്പോൾ മുഹമ്മദ് അലി എന്ന പേരാണ് താൻ ഉപയോഗിക്കുന്നതെന്നും ആയുഷ് പറഞ്ഞു.

ആയുഷ് മാലിക് പെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ, ഷാംലിയിലെ പ്രശസ്തമായ ഒരു മെഡിക്കൽ സ്റ്റോർ ഉടമയും ആയുഷിന്റെ പിതാവുമായ ദേവരാജ് മാലിക് പൊലീസിൽ പരാതി നൽകി. തന്റെ മകനെ ഒരു പ്രണയക്കെണിയിൽ പെടുത്തുകയായിരുന്നുവെന്നും, സ്വത്ത് ലക്ഷ്യമിട്ട് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് മതപരിവർത്തനം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയും ആയുഷിന്റെ ഭാര്യ ചാന്ദ്‌നി ഖുറൈശി, അവരുടെ പിതാവ് ഇസ്‌ലാം ഖുറൈശി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

എന്നാൽ, തന്നെ നിർബന്ധിച്ചോ ബ്രെയിൻവാഷ് ചെയ്‌തോ മതം മാറ്റിയതാണെന്ന ആരോപണങ്ങൾ ആയുഷ് മാലിക് പൂർണമായി തള്ളി. ചെറുപ്പകാലം മുതലേ തനിക്ക് ഇസ്‌ലാമിനോട് താത്പര്യമുണ്ടായിരുന്നുവെന്നും, വർഷങ്ങളോളം ഓൺലൈൻ പ്രഭാഷണങ്ങളിലൂടെയും മതഗ്രന്ഥങ്ങളിലൂടെയും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും ആയുഷ് പറഞ്ഞു. മതം മാറാനുള്ള തീരുമാനം തികച്ചും വ്യക്തിപരവും സ്വമേധയാ ഉള്ളതുമായിരുന്നു എന്നാണ് ആയുഷ് വ്യക്തമാക്കുന്നത്.

ഏകദേശം നാല് വർഷം മുമ്പ് ഡൽഹിയിൽ വെച്ച് ചാന്ദ്‌നി ഖുറൈശിയെ വിവാഹം കഴിച്ച സമയത്താണ് താൻ ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചതെന്ന് മാലിക് പറഞ്ഞു. കുടുംബസ്വത്തുമായി ഈ മതപരിവർത്തനത്തിന് യാതൊരു ബന്ധവുമില്ല. ഇത് തങ്ങളുടെ സ്വകാര്യ കുടുംബപ്രശ്‌നമാണ്. കുടുംബസ്വത്തിലുള്ള തന്റെ അവകാശങ്ങളെല്ലാം അമ്മയ്ക്കും സഹോദരിമാർക്കുമായി വിട്ടുകൊടുക്കാൻ താൻ തയ്യാറാണെന്നും ആയുഷ് വ്യക്തമാക്കി.

എന്നാൽ, മകന്റെ മതപരിവർത്തനത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പിതാവ് ദേവരാജ് മാലിക്. ഇവരുടെ പ്രണയബന്ധത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്ന് സമ്മതിക്കുമ്പോഴും, ചാന്ദ്‌നി ഖുറൈശിയുടെ കുടുംബാംഗങ്ങളും ചില മതനേതാക്കളും വർഷങ്ങളായി ആയുഷിനെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ആയുഷ് മാലികുമായി ആജ് തക് ചാനൽ പ്രതിനിധി നടത്തിയ അഭിമുഖം

നിങ്ങൾ എങ്ങനെയാണ് ചാന്ദ്‌നിയുമായി സമ്പർക്കത്തിലാകുന്നത്?

ഉത്തരം: അവർ ഒരു ഫിസിയോതെറാപ്പിസ്റ്റായിരുന്നു, എനിക്ക് തോളിൽ ഒരു പരിക്ക് ഉണ്ടായിരുന്നു. ഞാൻ വല്ലപ്പോഴും അവരുടെ ക്ലിനിക്കിൽ പോകുമായിരുന്നു, അങ്ങനെയാണ് പരിചയപ്പെട്ടതും അവർ മുസ്‌ലിമാണെന്ന് അറിയുന്നതും. നാല് വർഷം മുമ്പ് ഞങ്ങളുടെ നിക്കാഹ് കഴിഞ്ഞതാണ്.

ഡൽഹിയിലെ ഏതെങ്കിലും മൗലവിയാണോ നിങ്ങളുടെ മതപരിവർത്തനം നടത്തിയത്?

ഉത്തരം: മതപരിവർത്തനം എന്നത് പുറത്തുനിന്നുണ്ടാകുന്ന ഒന്നല്ല, അത് ഉള്ളിൽ നിന്ന് സ്വയം സംഭവിക്കുന്നതാണ്. അതിൽ നിക്കാഹ് ചെയ്തു തരുന്ന ഒരു മൗലവിക്കും പങ്കില്ല. കാര്യങ്ങൾ സ്വയം മനസിലാക്കാനുള്ള കഴിവ് മനുഷ്യന് ഉണ്ടായിരിക്കണം.

പാകിസ്താനി മൗലവിയായ ഡോ. ഇസ്രാർ അഹമ്മദിന്റെ വീഡിയോകൾ നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ?

ഞാൻ ലോകമെമ്പാടുമുള്ള മൗലവിമാരെ കേൾക്കാറുണ്ടായിരുന്നു, അതിൽ ഡോ. ഇസ്രാർ അഹമ്മദിനെയാണ് കൂടുതൽ കണ്ടിരുന്നത്. അദ്ദേഹം ഖുർആനിലെയും ഹദീസിലെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. ഞാൻ പ്രവാചകന്റെ ജീവിതത്തിലും ഇസ്‌ലാമിലും ആകൃഷ്ടനാണ്.

ചാന്ദ്‌നിയുടെ സഹോദരൻ നിങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നോ? നിങ്ങളുടെ കോടികളുടെ സ്വത്ത് ലക്ഷ്യം വെച്ചാണോ ഇതൊക്കെ ചെയ്യുന്നത്?

ഞങ്ങളുടെ അടുത്ത് മുമ്പും ഇപ്പോഴും ഒട്ടനവധി മുസ്‌ലിംകൾ ജോലി ചെയ്യുന്നുണ്ട്, എന്നാൽ ചാന്ദ്‌നിയുടെ സഹോദരൻ ഒരിക്കലും വന്നിട്ടില്ല. സ്വത്തിന്റെ കാര്യം പറഞ്ഞ് നിങ്ങൾ എന്നെ ലക്ഷ്യം വെക്കുകയാണ്, എനിക്കിപ്പോൾ യാതൊരു സ്വത്തിന്റെയും ആവശ്യമില്ല.

ഇതിന്റെയെല്ലാം തുടക്കം എങ്ങനെയായിരുന്നു? ഇതിൽ യൂട്യൂബിന്റെ പങ്ക് എന്താണ്?

ഒരിക്കൽ എനിക്ക് രക്തസമ്മർദം കൂടുകയും കൈകൾ വിറയ്ക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോൾ യൂട്യൂബിൽ വിശുദ്ധ ഖുർആനിലെ 'സൂറത്തുൽ ഇഖ്‌ലാസ്' ഓതാൻ പറയുന്ന ഒരു വീഡിയോ കണ്ടു. ഞാൻ അത് ഓതിയപ്പോൾ എന്റെ പേടി മാറുകയും കൈകളുടെ വിറയൽ നിൽക്കുകയും ചെയ്തു. യൂട്യൂബിന്റെ അൽഗോരിതം വഴി ഇത്തരം കാര്യങ്ങൾ മുന്നിൽ വന്നുകൊണ്ടിരുന്നു, അവിടെ നിന്നാണ് ഞാൻ നബിയുടെ ജീവിതത്തെക്കുറിച്ച് വായിച്ചറിഞ്ഞതും 10-ൽ എട്ട് കാര്യങ്ങളും ജീവിതത്തിൽ പകർത്തിയതും. എന്നാൽ ഇപ്പോൾ എന്നെ വീണ്ടും ഹിന്ദുവാകാൻ നിർബന്ധിച്ച് സമ്മർദം ചെലുത്തുകയാണ്.

TAGS :

Next Story