വിമാന യാത്രക്കിടെ ക്ഷീണം മാറ്റാന്‍ സീറ്റിലിരുന്ന് അഞ്ച് മിനിറ്റ് യോഗ; നിര്‍ദേശവുമായി ആയുഷ് മന്ത്രാലയം
ഇതിനായുള്ള പ്രോട്ടോക്കോള്‍ കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് പുറത്തിറക്കി

- Published:
24 March 2026 4:18 PM IST

ന്യൂഡല്‍ഹി: വിമാനയാത്രക്കിടയിലെ ക്ഷീണം മാറ്റി മനസിനും ശരീരത്തിനും ഊര്‍ജം പകരാന്‍ സീറ്റിലിരുന്ന് അഞ്ച് മിനിറ്റ് യോഗ ചെയ്യാമെന്ന നിര്‍ദേശവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. ഇതിനായുള്ള പ്രോട്ടോക്കോള്‍ കേന്ദ്രമന്ത്രി പ്രതാപ് റാവു ജാദവ് പുറത്തിറക്കി. ഇതിൻ്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ പ്രത്യേക യോഗാസനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. യാത്രക്കിടെ സീറ്റിലിരുന്ന് ചെയ്യാവുന്ന യോഗാ മുറകളാണ് വികസിപ്പിച്ചത്.
സീറ്റിലിരുന്നുള്ള അഞ്ച് മിനിറ്റ് യോഗയില്‍ ആദ്യത്തെ 15 സെക്കന്‍ഡ് മൗനപ്രാര്‍ഥനയാണ്. ശേഷം 165 സെക്കന്‍ഡ് ലഘു വ്യായാമമുറകളാണ്. കാലിലെയും കയ്യിലെയും ജോയിന്റുകള്‍ ഇളക്കല്‍, ചുമല്‍ ചലിപ്പിക്കല്‍ തുടങ്ങിയ വ്യായാമങ്ങളാണ് ചെയ്യേണ്ടത്. ശേഷം ശ്വാസം നിയന്ത്രിച്ച് 90 സെക്കന്‍ഡ് പ്രാണായാമം. അവസാനം 30 സെക്കന്‍ഡ് ധ്യാനത്തോടെ പൂര്‍ത്തിയാകും. ഇതിന് മനസിനും ശരീരത്തിനും ഉന്മേഷം പകരുമെന്ന് ആയുഷ് മന്ത്രാലയം പറയുന്നു.
യോഗയെ എങ്ങനെ വിവിധ ദൈനംദിന സാഹചര്യങ്ങളിലേക്ക് ലളിതമായി ഉള്‍പ്പെടുത്താമെന്ന് തെളിയിക്കുന്നതാണ് ഈ പരിപാടിയെന്നും ഇത്തരത്തിലുള്ള ലളിതമായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വ്യക്തികള്‍ എവിടെയായാലും അവരോടൊപ്പം സഞ്ചരിക്കുന്ന ഒരു ആരോഗ്യ സംസ്‌കാരം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി മൊണാലിസ ദാസ് പറഞ്ഞു. മറ്റുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കണം വിമാനത്തിലെ യോഗാഭ്യാസം. വിവേചനബുദ്ധി പ്രയോഗിക്കണം. വിമാനയാത്രയില്‍ എപ്പോഴും യോഗ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളപ്പോള്‍ അതു പാലിക്കണം. സ്വന്തം സുരക്ഷയ്ക്കും സഹയാത്രികരുടെയും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്നും ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
Adjust Story Font
16
