Quantcast

'ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മ'; 30 ലിറ്റർ മുലപ്പാൽ ദാനം ചെയ്ത് ജ്വാല ഗുട്ട

അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളെയും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    16 Sept 2025 5:39 PM IST

Badminton Player Jwala Gutta Donates 30 Litres Of Breast Milk
X

കഴിഞ്ഞ ഏപ്രിലിലാണ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ടക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുഞ്ഞ് പിറന്നതിലെ സന്തോഷം ജ്വാലയും ഭർത്താവ് വിഷ്ണു വിശാലും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സർക്കാർ ആശുപത്രിയിലെ മുലപ്പാൽ ദാന ക്യാമ്പയിന്റെ ഭാഗമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് ജ്വാല.

നാല് മാസത്തിനിടെ 30 ലിറ്റർ പാലാണ് ജ്വാല ദാനം ചെയ്തത്. അമ്മമാരില്ലാത്ത കുഞ്ഞുങ്ങളെയും ആശുപത്രിയിൽ കഴിയുന്ന മാസം തികയാതെ ജനിച്ചതോ ഗുരുതരാവസ്ഥയിലുള്ളതോ ആയ കുഞ്ഞുങ്ങളെയും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

'മുലപ്പാൽ ജീവൻ രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്, ദാനം ലഭിക്കുന്ന മുലപ്പാൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കുക'- കഴിഞ്ഞ ആഗസ്റ്റിൽ പങ്കുവെച്ച് എക്‌സ് പോസ്റ്റിൽ ജ്വാല കുറിച്ചു.

ജ്വാലയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. 'അവർ ഒരുപാട് കുഞ്ഞുങ്ങളുടെ അമ്മയാണ്' എന്നാണ് ഒരു കമന്റ്. പലരും ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നില്ലെന്നും ഒട്ടേറെ കുഞ്ഞുങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ഈ കാമ്പയിനെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്കും മുലപ്പാൽ ആവശ്യമാണ്. ഇത് ജനനത്തിന് തൊട്ടുപിന്നാലെ അണുബാധക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ചില സ്ത്രീകൾക്ക് പ്രസവത്തിന്റെ തൊട്ടുപിന്നാലെ ആവശ്യത്തിന് പാൽ ഇല്ലാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ മിൽക്ക് ബാങ്കിൽ നിന്നുള്ള പാലാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

TAGS :

Next Story