ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്‍റെ വിവാഹം ലവ് ജിഹാദെന്ന് ബജ്റംഗ്ദൾ; താരത്തിന്‍റെ കോലം കത്തിച്ചു
സുഹൃത്തും തമിഴ്-ഐറിഷ് വംശജയുമായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ബിഹാറിലെ ഫോർബ്സ്ഗഞ്ചിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്

- Published:
10 July 2026 11:01 PM IST

പാറ്റ്ന: ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ വിവാഹത്തിന് പിന്നാലെ, അദ്ദേഹത്തിനെതിരെ വീണ്ടും 'ലവ് ജിഹാദ്' ആരോപണവുമായി ഹിന്ദുത്വ സംഘടനകൾ. ആമിർ ഖാൻ തന്റെ സുഹൃത്തും തമിഴ്-ഐറിഷ് വംശജയുമായ ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ബിഹാറിലെ ഫോർബ്സ്ഗഞ്ചിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ചൊവ്വാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിൽ ബജ്‌റംഗ്ദൾ പ്രവർത്തകർ ആമിർ ഖാന്റെ കോലം കത്തിക്കുകയും വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ആമിർ ഖാൻ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു സമൂഹത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. ആമിറിന്റെ മുൻ വിവാഹങ്ങളെയും ഇവർ ഇതിനായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിവാഹത്തിന് രണ്ട് ദിവസത്തിന് ശേഷം ബജ്‌റംഗ്ദൾ നേതാവ് മനോജ് സോണി ഒരു വീഡിയോയിലൂടെ ആമിറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ആമിർ ഖാൻ മുസ്‌ലിം സ്ത്രീകളെ വിവാഹം കഴിക്കാതെ, ഹിന്ദു സ്ത്രീകളെ മാത്രം വിവാഹം കഴിച്ച് ഉപേക്ഷിക്കുന്നുവെന്നും, ഇത് ഹിന്ദു സമൂഹത്തെ അപമാനിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നും സോണി ആരോപിച്ചു. താരം ഇനിയും ഇത്തരം പ്രവർത്തികൾ തുടർന്നാൽ 'പാഠം പഠിപ്പിക്കുമെന്ന്' ഭീഷണി മുഴക്കുകയും, സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആമിറിന്റെ മക്കൾക്ക് മുസ്‌ലിം പേരുകൾ നൽകിയതിനെയും ഇവർ ചോദ്യം ചെയ്തു. ബജ്‌റംഗ്ദളിന്റെ വനിതാ വിഭാഗം നേതാവും പ്രതിഷേധത്തിൽ പങ്കുചേരുകയുണ്ടായി. ആമിർ ഒരു യഥാർത്ഥ മുസ്‌ലിമായിരുന്നെങ്കിൽ മുസ്‌ലിം സ്ത്രീകളെ ചെയ്യുമായിരുന്നെന്നും ഇത്തരമൊരു കൃത്യത്തിന് മുതിരുമായിരുന്നില്ലെന്നും അവർ പറഞ്ഞു.
ജൂലൈ അഞ്ചിനാണ് ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായത്. ക്രിസ്ത്യൻ മതവിശ്വാസിയായ ഗൗരിക്ക് തമിഴ്-ഐറിഷ് പാരമ്പര്യമാണുള്ളത്. നേരത്തെ റീന ദത്ത, കിരൺ റാവു എന്നിവരായിരുന്നു ആമിറിന്റെ ഭാര്യമാർ.
Adjust Story Font
16
