ബാരാമതി വിമാനാപകടം; അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്
പ്രധാന മന്ത്രി ഉൾപ്പെടെ പങ്കെടുക്കുമെന്നാണ് വിവരം

ന്യൂഡൽഹി: ബാരമതിയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണിക്കാണ് ചടങ്ങുകൾ നടക്കുക. പ്രധാന മന്ത്രി ഉൾപ്പെടെ പങ്കെടുക്കുമെന്നാണ് വിവരം.
അതേസമയം, അജിത് പവാറിന്റെ മരണത്തിൽ ഗൂഢാലോചനാ വാദങ്ങൾ തള്ളി ശരദ് പവാർ. അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മരണത്തിൽ ഗൂഢാലോചനയില്ലെന്നും ശരദ് പവാർ പ്രതികരിച്ചു. ദൗർഭാഗ്യകരമായ അപകടമാണ് ഉണ്ടായത്. അതിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.വിമാനത്തിന്റ ബ്ലാക്ക് ബോക്‌സ് ഉൾപ്പടെയുള്ള പരിശോധനകൾ അന്വേഷണ സംഘം ആരംഭിച്ചു.
ബുധനാഴ്ച രാവിലെ 8.45ന് മുംബൈ ബാരാമതി വിമാനത്താവളത്തിന് സമീപമായിരുന്നു അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം. എട്ട് മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം 45 മിനിറ്റിനുശേഷം ലാൻഡിങ് ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അജിത് പവാറും അംഗരക്ഷകരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു.
വിഎസ്ആർ വെഞ്ച്വേഴ്‌സിന്റെ വിടി-എസ്എസ്കെ ലിയർജെറ്റ് 45 എന്ന വിമാനമാണ് ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. രണ്ടായി പിളർന്ന വിമാനം തീപിടിച്ച് പൂർണമായും കത്തിനശിച്ചു. നിലവിലെ കാലാവസ്ഥ കാരണം ദൃശ്യപരത കുറവായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും സാങ്കേതിക തകരാറിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

