'മുസ്‌ലിമാണോ? ഞങ്ങള്‍ക്ക് താല്‍പര്യമില്ല...'; ഉദ്യോഗാർത്ഥിയുടെ മതം ചോദിച്ചറിഞ്ഞ് ഇന്റര്‍വ്യൂ നിഷേധിച്ചെന്ന് ആരോപണം; ചര്‍ച്ചയായി നിയമവിദ്യാര്‍ഥിയുടെ വാക്കുകള്‍
കമ്പനി തിരിച്ചയച്ചതായെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് മറുപടിയുടെ ഒരു സ്ക്രീൻഷോട്ടും അമീൻ പങ്കുവെച്ചു. മുഹമ്മദ് ഫൈസാനെന്ന സുഹൃത്തിന്‍റെ ബയോഡാറ്റ അയച്ചുനൽകിയപ്പോൾ 'മുസ്‌ലിമാണല്ലേ...ജോലിക്കെടുക്കാൻ താൽപര്യമില്ലെന്ന്' കമ്പനി റിപ്ലൈ ചെയ്യുകയായിരുന്നെന്ന് സ്ക്രീൻഷോട്ടിൽ വ്യക്തം.

- Published:
12 Jun 2026 5:40 PM IST

ബംഗളൂരു: ബംഗളൂരുവിൽ ഉദ്യോഗാർത്ഥിയുടെ മതം ചോദിച്ചറിഞ്ഞതിന് ശേഷം ഇന്‍റർവ്യൂ അവസരം കമ്പനി നിഷേധിച്ചെന്ന ഗുരുതര ആരോപണവുമായി സുഹൃത്തിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ്. നിയമവിദ്യാർഥിയും ജോലി നിഷേധിക്കപ്പെട്ടയാളുടെ ഉറ്റസുഹൃത്തുമായ മുഹമ്മദ് അമീൻ എന്ന യുവാവാണ് തെളിവുസഹിതം ലിങ്ക്ഡ്ഇൻ പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തൽ നടത്തിയ്. പിന്നാലെ, വിഷയം സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴിതുറന്നിട്ടിരിക്കുകയാണ്. ജോലി ലഭിക്കാതെ പോയത് മാത്രമല്ല, മറിച്ച്, ഇന്‍റർവ്യൂ നിഷേധിച്ചതിന്‍റെ കാരണം കൂടി വെളിപ്പെടുത്തിയത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും അമീൻ ലിങ്ക്ഡ്ഇനിൽ കുറിച്ചു. അതേസമയം, കമ്പനിയുടെ പേരോ അഡ്രസോ പങ്കുവെക്കാതെയാണ് യുവാവിന്‍റെ പോസ്റ്റ്.
'എന്‍റെ അടുത്ത സുഹൃത്തുക്കളിലൊരാളുമായി ബന്ധപ്പെട്ട കേസ് ഈയിടെ ശ്രദ്ധയിൽ പെട്ടിരുന്നു. വല്ലാതെ പിടിച്ചുലച്ചുകളഞ്ഞ സംഭവമായിരുന്നു അത്. കേവലം ഒരു ജോലി നിഷേധിക്കപ്പെടുക മാത്രമല്ല ഉണ്ടായത്. അവൻ മുസ്‌ലിമാണെന്നറിഞ്ഞതിന് പിന്നാലെ ഇന്‍റർവ്യൂ അവസരം തന്നെ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തത്'. അമീൻ കുറിച്ചു. ഇന്‍റർവ്യൂ നിഷേധത്തെ കുറിച്ച് സാധാരണഗതിയിൽ മൃദുവായതും ശാന്തവുമായ രീതിയിലാണ് കമ്പനികൾ വിശദീകരണം നൽകാറുള്ളതെങ്കിലും, ഇവിടെ അത്തരത്തിൽ സാമാന്യമരാദകളൊന്നും പാലിക്കപ്പെട്ടില്ലെന്നും അമീൻ വ്യക്തമാക്കി.
'ഞങ്ങളുടെ കമ്പനിയുടെ ആവശ്യങ്ങളുമായി നിങ്ങളുടെ പ്രൊഫൈൽ ചേരുന്നില്ല...'എന്നതുപോലുള്ള മെയിലുകളോ സന്ദേശങ്ങളോ അല്ലേ സാധാരണഗതിയിൽ വരാറുള്ളത്. എന്നാൽ,അത്തരമൊരു പ്രതികരണമായിരുന്നില്ല അവരിൽ നിന്നുണ്ടായത്. ഇതാണ് കാരണമെന്ന മട്ടിൽ ഒരു സ്ക്രീൻഷോട്ട് അയച്ചുതരിക മാത്രമാണ് ചെയ്തതെന്ന് കൂട്ടുകാരൻ പറഞ്ഞു.' അമീൻ എഴുതി.
കമ്പനി തിരിച്ചയച്ചതായെന്ന് ആരോപിക്കുന്ന വാട്സ്ആപ്പ് മറുപടിയുടെ ഒരു സ്ക്രീൻഷോട്ടും അമീൻ പങ്കുവെച്ചു. മുഹമ്മദ് ഫൈസാനെന്ന സുഹൃത്തിന്‍റെ ബയോഡാറ്റ അയച്ചുനൽകിയപ്പോൾ 'മുസ്‌ലിമാണല്ലേ...ജോലിക്കെടുക്കാൻ താൽപര്യമില്ലെന്ന്' കമ്പനി റിപ്ലൈ ചെയ്യുകയായിരുന്നെന്ന് സ്ക്രീൻഷോട്ടിൽ വ്യക്തം.
ഇത്തരം സാഹചര്യങ്ങൾ നേരിടുന്ന ഒട്ടനവധിയാളുകൾ നമ്മുടെ രാജ്യത്തുണ്ടെന്നും അവരിൽ പലരിലേക്കും നിയമത്തിന്‍റെ പരിരക്ഷ ഇറങ്ങിച്ചെല്ലുന്നില്ലെന്നും അമീൻ കുറിപ്പിൽ തുടർന്നു. 'സമത്വത്തെ കുറിച്ചും തുല്യതയെ കുറിച്ചുമെല്ലാം നാം വാചാലരായി സംസാരിക്കാറുണ്ടല്ലോ. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ യഥാർത്ഥ ജീവിതത്തിൽ നേരിടേണ്ടിവരുമ്പോൾ മനുഷ്യൻ നിസ്സഹായരായി പോകാറാണ് അധികവും'. അദ്ദേഹം കുറിച്ചു. ഇത്തരം വംശീയവും വർഗീയവുമായ എതിർപ്പുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോഴും അധികപേരും നിയമനടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും അമീൻ കൂട്ടിച്ചേർത്തു.
അമീന്‍റെ പോസ്റ്റിന് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് കമന്‍റ് ബോക്സുകളിൽ വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള സംഭവങ്ങൾ സർവസാധാരണമായിക്കൊണ്ടിരിക്കുകയാണെന്നാണ് ചിലരുടെ അഭിപ്രായം.
'ഇത് വളരെ ഗുരുതരമായ സാമൂഹിക പ്രശ്നമാണ്. തൊട്ടപ്പുറത്തിരിക്കുന്നയാളുടെ മതം, ജാതി, വർഗം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുന്ന ഒരുകൂട്ടമാളുകൾ...ആളുകളുടെ സ്വഭാവവും മനുഷ്യത്വവും എന്തുകൊണ്ടിവർ പരിഗണിക്കുന്നില്ല?' ഒരു നിയമവിദ്യാർഥി കമന്‍റ് ബോക്സിൽ കുത്തിക്കുറിച്ചു. 'ഇത്തരം സംഭവങ്ങൾ പതിയെ പതിയെ പുതിയ കാലഘട്ടത്തിലുള്ളവരെയും കീഴ്പെടുത്തിയേക്കാം'. അവൻ കൂട്ടിച്ചേർത്തു.
പങ്കുവെച്ച സംഭവത്തിലെ വിവരണങ്ങളുടെ അപര്യാപ്തതയാണ് മറ്റൊരു അഭിഭാഷകന്‍റെ ആശങ്കക്കിടയാക്കിയത്. 'സ്ക്രീൻഷോട്ട് അടക്കം പങ്കുവെക്കാനുള്ള ധൈര്യമുണ്ടായിരുന്നെങ്കിൽ മുഴുവൻ വിവരങ്ങളും പറയാമായിരുന്നില്ലേ. യാതൊരു വിശ്വാസ്യതയുമില്ലാത്ത സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഇത്തരം ഗുരുതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യാമോ?' അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയത്തിന്‍റെ ആധികാരികതയെ കുറിച്ചുള്ള ചർച്ചകൾ തുടരുമ്പോഴും, ഇത്തരത്തിലുള്ള വിവേചനപരമായ നടപടികൾ രാജ്യത്തെ പലയിടത്തുമുണ്ടെന്ന വാദപ്രതിവാദങ്ങളുമായി തിളച്ചുമറിയുകയാണ് കമന്‍റ് ബോക്സ്.
https://www.linkedin.com/posts/ameenspeaks_denied-an-interview-over-religion-i-recently-activity-7469602298223087616-Cz-Y?utm_source=li_share&utm_content=feedcontent&utm_medium=g_dt_web&utm_campaign=copy
Adjust Story Font
16
