അനധികൃത ബംഗ്ലാദേശി, റോഹിങ്ക്യൻ കുടിയേറ്റക്കാർക്കായി തടങ്കൽ പാളയങ്ങൾ നിർമിക്കാൻ നിർദേശം നൽകി ബംഗാൾ സർക്കാർ
അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ പാളയം നിർമിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ബംഗാൾ

- Published:
24 May 2026 10:39 PM IST

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അനധികൃതമായി താമസിക്കുന്ന കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി 23 ജില്ലകളിലും തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദേശം നൽകി. ബംഗ്ലാദേശി പൗരന്മാരെയും റോഹിങ്ക്യകളെയും നാടുകടത്തുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി, അനധികൃതമായി കടന്നുകൂടിയവരെ 'കണ്ടെത്തുക, ഒഴിവാക്കുക, നാടുകടത്തുക' എന്ന നയം പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ നിർദേശം പുറത്തുവരുന്നത്. അസമിൽ ഇത്തരം തടങ്കൽ പാളയങ്ങൾ നേരത്തെ തന്നെ നിലവിലുണ്ട്. നാടുകടത്തൽ കാത്തിരിക്കുന്ന ബംഗ്ലാദേശികൾക്കായുള്ള അസമിലെ ആദ്യ ട്രാൻസിറ്റ് ക്യാമ്പ് 2023-ൽ പ്രവർത്തനക്ഷമമായിരുന്നു. ഈ നടപടിയോടെ, അനധികൃത കുടിയേറ്റക്കാർക്കായി ഇത്തരം സംവിധാനങ്ങൾ ഒരുക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി.
എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും അയച്ച ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനത്തിൽ, ഇന്ത്യയിൽ അനധികൃതമായി തങ്ങുന്ന ബംഗ്ലാദേശി പൗരന്മാരെയും റോഹിങ്ക്യകളെയും നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നു. 2025 മെയ് രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് പൊലീസിന്റെ കീഴിൽ ഓരോ ജില്ലയിലും ഹോൾഡിങ് സെന്ററുകൾ സ്ഥാപിക്കേണ്ടതുണ്ട്.
എല്ലാ ജില്ലകളിലും ഈ കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി, പിടികൂടപ്പെടുന്ന വിദേശികൾക്കും അതോടൊപ്പം ശിക്ഷാ കാലാവധി പൂർത്തിയാക്കി നാടുകടത്തൽ/തിരിച്ചയയ്ക്കൽ കാത്തുനിൽക്കുന്ന വിദേശ തടവുകാർക്കുമായി ജില്ലയിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.
അധികൃതർ പിടികൂടുന്ന വിദേശികളെയും ജയിൽ ശിക്ഷ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടാൻ കാത്തിരിക്കുന്ന വിദേശ പൗരന്മാരെയുമാണ് ഈ തടങ്കൽ പാളയത്തിൽ താമസിപ്പിക്കുക.
പൗരത്വ നിയമത്തിലെ (സെക്ഷൻ 2, സബ്-സെക്ഷൻ 1, ക്ലോസ് ബി) നിർവചനമനുസരിച്ച്, സാധുവായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന അല്ലെങ്കിൽ സാധുവായ രേഖകളോടെ പ്രവേശിച്ച ശേഷം അനുവദനീയമായ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന വിദേശ പൗരന്മാരെയാണ് 'അനധികൃത കുടിയേറ്റക്കാരൻ' എന്ന് കണക്കാക്കുന്നത്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിങ്ക്യകളെയും നാടുകടത്തുമെന്നത് ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. അനധികൃതമായി കടന്നുകയറിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഭരണം ഏറ്റെടുത്ത് ഒരു മാസം തികയുന്നതിന് മുമ്പാണ് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാനുള്ള ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
Adjust Story Font
16
