Quantcast

'പ്രവർത്തനം പ്രശംസനീയം'; സുവേന്ദു അധികാരി സർക്കാറിനെ പ്രശംസിച്ച് ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കിയത് സർക്കാരിന്റെ ആത്മാർത്ഥതയ്ക്ക് തെളിവാണെന്ന് മീര ഭട്ടാചാര്യ ചൂണ്ടിക്കാട്ടി

MediaOne Logo
പ്രവർത്തനം പ്രശംസനീയം; സുവേന്ദു അധികാരി സർക്കാറിനെ പ്രശംസിച്ച് ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ
X

കൊൽക്കത്ത: ബംഗാളിൽ അധികാരത്തിലെത്തിയ ബിജെപി സർക്കാറിനെ പ്രശംസിച്ച് സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ മീര ഭട്ടാചാര്യ. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കുന്നത് പ്രശംസനീയമാണെന്നാണ് മീര പറഞ്ഞു. എബിപി ബംഗ്ല ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻമുഖ്യമന്ത്രിയുടെ ഭാര്യയുടെ പ്രശംസ.

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കിയത് സർക്കാരിന്റെ ആത്മാർത്ഥതയ്ക്ക് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി. 'രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി ആര് പ്രവർത്തിച്ചാലും അവർ നമ്മുടെ ബഹുമാനം അർഹിക്കുന്നുണ്ട്. സുവേന്ദു അധികാരിയെ വ്യക്തിപരമായി ഇതുവരെ കണ്ടിട്ടില്ലെങ്കിലും ബംഗാളിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അദ്ദേഹം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും മീര ഭട്ടാചാര്യ പറഞ്ഞു.

ഇടതുപക്ഷ ഭരണത്തേയും തൃണമൂൽ ഭരണത്തേയും ഒരിക്കലും സമീകരിക്കരുതെന്നും അവർ പറഞ്ഞു. ഇടതുപക്ഷം ഭരിച്ച 34 കൊല്ലങ്ങളിൽ സാമൂഹിക-സാംസ്‌ക്കാരിക മേഖലയിൽ വലിയ മുന്നേറ്റമുണ്ടായി. കാർഷികമേഖലയിൽ വലിയ കുതിച്ചു ചാട്ടം ഉണ്ടായി. എന്നാൽ, തൃണമൂൽ കോൺഗ്രസ് ഭരിച്ച 15 വർഷം അതെല്ലാം നഷ്ടപ്പെടുത്തി. നന്ദൻ, വിദ്യാസാഗർ സേതു, സാഹിത്യ അക്കാദമി, ശിശു കിഷോർ അക്കാദമി തുടങ്ങിയ നാഴികക്കല്ലുകളായ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിച്ചത് ഇടതുപക്ഷമാണെന്ന് അവർ ഓർമ്മിപ്പിച്ചു. കൂടാതെ, ഇടതുപക്ഷ ഭരണകാലത്താണ് ബംഗാൾ രാജ്യത്തെ മുൻനിര കാർഷിക സംസ്ഥാനമായി മാറിയതെന്നും അവർ അവകാശപ്പെട്ടു.

ഏറെ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ സിംഗൂർ സംഭവത്തെ കുറിച്ചും മീര ഭട്ടാചാര്യ പ്രതികരിച്ചു. 'അന്ന് ടാറ്റ മോട്ടോഴ്സിന്റെ ഓട്ടോമൊബൈൽ പദ്ധതിയെ എതിർത്തതിൽ സിംഗൂരിലെ ജനങ്ങൾ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. തങ്ങൾ അന്ന് വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും എത്ര വലിയ തെറ്റാണ് ചെയ്തതെന്നും സിംഗൂരിലെ ജനങ്ങൾക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. അന്ന് അവിടെ കാർ ഫാക്ടറി വന്നിരുന്നെങ്കിൽ ബംഗാളിന്റെ സാമ്പത്തിക രംഗം തന്നെ മാറുമായിരുന്നു'- അവർ പറഞ്ഞു.

ബംഗാളിലെ യുവാക്കൾ തൊഴിലിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത് തടയാൻ വൻകിട വ്യവസായങ്ങൾ വരണമെന്നായിരുന്നു ബുദ്ധദേവിന്റെ സ്വപ്നം. സിംഗൂരിൽ വ്യവസായ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പുതിയ ബിജെപി സർക്കാർ പദ്ധതിയിടുന്നു എന്ന വാർത്തകളെ സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞ മീര കഴിഞ്ഞ 15 വർഷമായി തകർച്ചയിലായ വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾ എന്നിവയ്ക്കും സർക്കാർ തുല്യ പ്രാധാന്യം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

ബംഗാളിൽ ഇടതുപക്ഷത്തിന്റെ ഭാവി യുവനിരയിലാണെന്നും അവർ പറഞ്ഞു. മീനാക്ഷി മുഖർജി, ദിപ്‌സിത ധർ തുടങ്ങിയ യുവനേതാക്കളുടെ കഠിനാധ്വാനം ഏറെ പ്രശംസനീയമാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പിന്തുണ നേടിയ മുസ്തഫിസുർ റഹ്മാനെപ്പോലുള്ള വിദ്യാസമ്പന്നരായ നേതാക്കൾ പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ബംഗാളിന്റെ പഴയ പ്രതാപവും മഹത്വവും വീണ്ടെടുക്കാൻ പുതിയ സർക്കാരിന് സാധിച്ചാൽ അത് തീർച്ചയായും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞാണ് മീര ഭട്ടാചാര്യ അഭിമുഖം അവസാനിപ്പിച്ചത്.

TAGS :

Next Story