ബംഗാള്‍ എസ്ഐആര്‍: വീഴ്ച വരുത്തിയ ഏഴ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
ഗുരുതരമായ കൃത്യവിലോപം, ഡ്യൂട്ടിയിലെ വീഴ്ച, നിയമപരമായ അധികാരങ്ങളുടെ ദുരുപയോഗം എന്നിവ ആരോപിച്ചാണ് ഏഴ് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്

- Published:
16 Feb 2026 1:28 PM IST

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിൽ എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഗുരുതരമായ കൃത്യവിലോപം, ഡ്യൂട്ടിയിലെ വീഴ്ച, നിയമപരമായ അധികാരങ്ങളുടെ ദുരുപയോഗം എന്നിവ ആരോപിച്ചാണ് ഏഴ് അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തത്. സംസ്ഥാന സർക്കാർ ജീവനക്കാരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍. സംസേർഗഞ്ച്, ഫറാക്ക, മൈനാഗുരി, സൂതി, കാനിംഗ് പുർബ, ഡെബ്ര എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചിരുന്നത്.
സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ താമസം വരുത്തരുതെന്നും സ്വീകരിച്ച നടപടികളെക്കുറിച്ച് കമ്മീഷനെ അറിയിക്കണമെന്നും ബംഗാള്‍ ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഏഴ് ഉദ്യോഗസ്ഥരിൽ രണ്ട് പേർക്കെതിരെ നടപടിയെടുക്കാൻ നേരത്തെ സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. ഇതിനിടെയാണ് കമ്മിഷന്‍ തന്നെ നേരിട്ട് രംഗത്ത് എത്തുന്നത്. ബംഗാൾ ചീഫ് സെക്രട്ടറി നന്ദിനി ചക്രവർത്തിയെ കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, ഗുരുതരമായ വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ തർക്കം നിലനില്‍ക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുന്നത്.
Adjust Story Font
16
