ബംഗാൾ മുഖ്യമന്ത്രിക്ക് 'ബീഫ് വാഗ്ദാനം' ചെയ്ത് വീഡിയോ: യുവതി അറസ്റ്റിൽ
യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്

- Published:
3 Jun 2026 10:06 PM IST

ഗുരുഗ്രാം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് വേണ്ടി താൻ ബീഫ് പാകം ചെയ്തതായി അവകാശപ്പെട്ട് വീഡിയോ അപ്ലോഡ് ചെയ്ത യുവതി ഗുരുഗ്രാമിൽ അറസ്റ്റിലായി. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ്. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ സ്വദേശിനിയും ഗുരുഗ്രാമിലെ ചക്കർപൂർ മേഖലയിൽ ഗാർഹിക ജോലി ചെയ്തുവരികയുമായിരുന്ന ജ്യോത്സ്‌ന ബീബിയാണ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റിലായത്.
യുവതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ബീഫുമായി ബന്ധപ്പെട്ട ഒരു വീഡിയോ പ്രചരിക്കുന്നതായി ചക്കർപൂർ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ ചക്കർപൂർ ഗ്രാമവാസിയായ ദിനേഷ് യാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
''ഞാൻ നിങ്ങൾക്ക് (ബംഗാൾ മുഖ്യമന്ത്രിക്ക്) വേണ്ടി കുറച്ച് ബീഫ് പാകം ചെയ്തിട്ടുണ്ട്. ഇത്തവണ ഖുർബാനി നടത്താൻ നിങ്ങൾ എന്നെ അനുവദിച്ചില്ല'' എന്ന് വീഡിയോയിൽ ജ്യോത്സ്‌ന ബീബി പറയുന്നതായാണ് ആക്ഷേപം. ഇത് പരിഹാസരൂപേണ ചിത്രീകരിച്ച ഒന്നാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 29 പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, തുടർന്ന് അറസ്റ്റിലായ യുവതിയെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച യുവതി ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി അത് നിഷേധിക്കുകയും കേസ് കൂടുതൽ വാദത്തിനായി ജൂൺ എട്ടിലേക്ക് മാറ്റുകയും ചെയ്തു. പ്രതിയെ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ജാമ്യാപേക്ഷയെ എതിർക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16
