Quantcast

'നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു'; ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ പിന്തുണച്ച് ബിജെപി നേതാവ്

തന്റെ ചെയ്തിയിൽ യാതൊരു ഖേദവും പ്രകടിപ്പിക്കാതിരുന്ന രാകേഷ് കിഷോർ, അതിൽ കുറ്റബോധമില്ലെന്നും പ്രതികരിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-10-08 05:25:14.0

Published:

8 Oct 2025 10:53 AM IST

Bengaluru BJP leader and ex top cop Appreciates the Lawyer in Shoe Attack
X

Photo| Special Arrangement

ബം​ഗളൂരു; സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ​ഗവായ്ക്കു നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെ പിന്തുണച്ച് കർണാടകയിലെ മുൻ ഐപിഎസ് ഓഫീസറായ ബിജെപി നേതാവ്. മുൻ ബം​ഗളൂരു പൊലീസ് കമ്മീഷണർ ഭാസ്കർ റാവു ആണ് അക്രമിയായ രാകേഷ് കിഷോറിനെ പരസ്യമായി അഭിനന്ദിച്ച് രം​ഗത്തെത്തിയത്. കിഷോറിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്നാണ് ഭാസ്കർ റാവുവിന്റെ പ്രതികരണം.

'ചെയ്തത് നിയമപരമായും ഗുരുതരമായും തെറ്റാണെങ്കിൽ പോലും ഈ പ്രായത്തിൽ, അനന്തരഫലങ്ങൾ കണക്കിലെടുക്കാതെ ഒരു നിലപാട് സ്വീകരിക്കാനും അതിലുറച്ച് നിന്ന് പോകാനുമുള്ള നിങ്ങളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു'- ഭാസ്കർ റാവു സോഷ്യൽമീഡിയ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

2023ൽ ആം ആദ്മി പാർട്ടി വിട്ടാണ് ഭാസ്കർ റാവു ബിജെപിയിൽ ചേർന്നത്. ചീഫ് ജസ്റ്റിസിനെതിരായ അഭിഭാഷകന്റെ അതിക്രമ ശ്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നിരിക്കെയാണ് ഒരു ബിജെപി നേതാവ് തന്നെ പരസ്യപിന്തുണയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാവിന്റെ പരാമർശം വിവാദമായിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമിച്ച രാകേഷ് കീഷോറിനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തിരുന്നു. കിഷോറിന്റെ പ്രവർത്തനങ്ങൾ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രൊഫഷണൽ പെരുമാറ്റ- മര്യാദാ മാനദണ്ഡങ്ങളും നിയമങ്ങളും കോടതിയുടെ അന്തസും ലംഘിച്ചുവെന്ന് കൗൺസിൽ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും കോടതിയിലോ ട്രിബ്യൂണലിലോ അതോറിറ്റിയിലോ ഹാജരാകുന്നതിനും വാദിക്കുന്നതിനും പ്രാക്ടീസ് ചെയ്യുന്നതിനും കിഷോറിന് വിലക്കുണ്ട്. സുപ്രിംകോടതിയിൽ ഈ മാസം ആറിന് രാവിലെ കേസുകൾ പരാമർശിക്കുമ്പോഴായിരുന്നു സംഭവം.

സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്നാരോപിച്ചായിരുന്നു അതിക്രമ ശ്രമം. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. മൂന്നു മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

രാകേഷ് കിഷോറിനെതിരെ കുറ്റം ചുമത്താന്‍ സുപ്രിംകോടതി രജിസ്ട്രാര്‍ ജനറല്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് പോകാന്‍ അനുവദിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വിട്ടയച്ചത് എന്നാണ് വിവരം. രാകേഷ് കിഷോറിന്റെ കൈയില്‍നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. 'സനാതന ധര്‍മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നുൾപ്പെടെയായിരുന്നു ഇതിലെഴുതിയിരുന്നത്.

തന്റെ ചെയ്തിയിൽ യാതൊരു ഖേദവും പ്രകടിപ്പിക്കാതിരുന്ന രാകേഷ് കിഷോർ, അതിൽ കുറ്റബോധമില്ലെന്നും പ്രതികരിച്ചിരുന്നു. സനാതന ധർമത്തിന്റെ പാദസേവകനാണ് താനെന്നും അങ്ങനെ ചെയ്തത് ദൈവം തന്ന നിർദേശപ്രകാരമാണെന്നുമായിരുന്നു 71കാരനായ രാകേഷ് കിഷോറിന്റെ വാദം.

'സനാതന ധർമത്തിന്റെ പാദസേവകരിൽ ഒരാളാണ് ഞാൻ. കോടതി മുറിയിൽ ദൈവം എനിക്കുതന്ന നിർദേശമാണ് സംഭവിച്ചത്. ഞാനത് അനുസരിച്ചു. അതിലെനിക്ക് കുറ്റബോധം ഇല്ല'- ഇയാൾ പറ‍ഞ്ഞു. ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിൽ മഹാവിഷ്‌ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ്‌ ജസ്റ്റിസിന്റെ പരാമർശമാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

TAGS :

Next Story