മാസം രണ്ട് ലക്ഷം ശമ്പളം, കടങ്ങളില്ല, പക്ഷെ ദരിദ്രനെന്ന് തോന്നുന്നു; വൈറലായി യുവാവിന്റെ കുറിപ്പ്
തന്റെ ചെലവുകൾക്ക് ഈ ശമ്പളം തികയുന്നില്ല എന്നാണ് യുവാവിന്റെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നുള്ള ഒരു 26കാരനായ ഐടി ജീവനക്കാരന്റെ റെഡ്ഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. മാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും, യാതൊരുവിധ കടബാധ്യതകൾ ഇല്ലാതിരുന്നിട്ടും താൻ സാമ്പത്തികമായി ദരിദ്രനാണെന്ന തോന്നലുണ്ടാവുന്നതായി യുവാവ് കുറിപ്പിൽ പങ്കുവെക്കുന്നു.
വളരെ സാധാരണ ചുറ്റുപാടിൽ നിന്നാണ് ഈ യുവാവ് വരുന്നത്. 21-ാം വയസിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് വരെ 6,000-7,000 രൂപ മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആകെയുള്ള പ്രതിമാസ വരുമാനം. എന്നാൽ, ഇന്ന് മാസം രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഈ ബെംഗളൂരു ടെക്കി തന്റെ സാമ്പത്തിക വിവരങ്ങളും നിക്ഷേപങ്ങളും റെഡ്ഡിറ്റ് കുറിപ്പിൽ കൃത്യമായി വിശദീകരിക്കുന്നുണ്ട്.
മാസാമാസം 30,000 രൂപ മ്യൂച്വൽ ഫണ്ടുകളിലും, 10,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റുകളിലും, മറ്റൊരു 10,000 രൂപ സ്വർണ ചിട്ടിയിലുമാണ് നിക്ഷേപിക്കുന്നത്. ഇതിനുപുറമെ, മാതാപിതാക്കൾക്കായി 15,000 മുതൽ 20,000 രൂപ വരെ നാട്ടിലേക്ക് അയക്കും. ബെംഗളൂരുവിലെ വീട്ടുവാടകയും മറ്റ് ദൈനംദിന ചെലവുകൾക്കുമായി ഏകദേശം 25,000 രൂപയാണ് നീക്കിവെക്കുന്നത്.
2021ൽ ജോലി ആരംഭിച്ചതുമുതൽ ഇതുവരെ ഓഹരി വിപണിയിൽ നാല് ലക്ഷം, എഫ്ഡികളിൽ രണ്ട് ലക്ഷം, സ്വർണത്തിൽ രണ്ടര ലക്ഷം രൂപ എന്നിങ്ങനെ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ, തന്റെ സാലറി അക്കൗണ്ടിൽ മാത്രം ആറ് ലക്ഷത്തോളം രൂപ സമ്പാദ്യമായി കിടപ്പുണ്ടെന്നും യുവാവ് വെളിപ്പെടുത്തുന്നു.
മാതാപിതാക്കൾക്കായി നാട്ടിൽ ഒരു 2BHK വീട് വാടകയ്ക്കെടുത്ത് നൽകിയ ഇദ്ദേഹം, അവർക്കാവശ്യമായ വീട്ടുപകരണങ്ങളെല്ലാം വാങ്ങിക്കൊടുത്തിട്ടുണ്ട്. സ്വന്തം ആവശ്യങ്ങൾക്കായി 70,000 രൂപയുടെ ഒരു മാക്ബുക്കും 25,000 രൂപയുടെ ഫോണും ബെംഗളൂരുവിലെ യാത്രകൾക്കായി ഒരു സ്കൂട്ടറും വാങ്ങി. ഇതിന് പുറമെ മാതാപിതാക്കൾക്ക് ഹെൽത്ത് ഇൻഷുറൻസും തനിക്കായി ലൈഫ് ഇൻഷുറൻസും എടുത്തതായും യുവാവ് പറയുന്നു.
ഈ വർഷം നടക്കാനിരിക്കുന്ന വിവാഹമാണ് യുവാവിന്റെ പ്രധാന ആശങ്ക. വിവാഹച്ചെലവുകൾക്കായി കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. അതിനുമുമ്പ് 3-4 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങണമെന്നും, ഭാവിയിലേക്കായി നാട്ടിൽ 10-15 ലക്ഷം രൂപ വിലവരുന്ന കുറച്ചു സ്ഥലം വാങ്ങണമെന്നും ആഗ്രഹമുണ്ട്. വലിയ ലക്ഷ്യങ്ങൾക്ക് മുന്നിൽ പണം തികയാതെ വരുമ്പോഴാണ് താൻ ദരിദ്രനാണെന്ന തോന്നൽ ഈ ടെക്കിയെ വേട്ടയാടുന്നത്.
നാട്ടിലുള്ള തന്റെ സുഹൃത്തുക്കളിലേറെയും കൂലിപ്പണി ചെയ്യുന്നവരോ ഓട്ടോ തൊഴിലാളികളോ ആണ്. എങ്കിലും കടമെടുത്താണെങ്കിൽപ്പോലും ബൈക്കും മറ്റും വാങ്ങി അവർ വളരെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ, താൻ മാത്രം എന്തുകൊണ്ട് പിന്നിലാകുന്നു എന്ന ചിന്തയാണ് ഈ 26കാരനെ അലട്ടുന്നത്. മികച്ച ശമ്പളമുണ്ടായിട്ടും, 750 രൂപയ്ക്ക് മുകളിൽ വിലയുള്ള ഒരു ഷർട്ട് വാങ്ങാൻ പോലും തനിക്കിപ്പോൾ ഭയമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Adjust Story Font
16

