ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനത്തിലുടക്കി മുന്നണികൾ, ഘടകകക്ഷികളെ അനുനയിപ്പിക്കാൻ ബിജെപി
അവസാനഘട്ട ചർച്ചകൾക്കായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും

Photo | Special Arrangement
പറ്റ്ന: ബിഹാറിൽ സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളെ അനുനയിപ്പിക്കാനാവാതെ ബിജെപി. 30 ൽ കൂടുതൽ സീറ്റുകളാണ് എൽജെപി ആവശ്യപ്പെടുന്നത്. അവസാനഘട്ട ചർച്ചകൾക്കായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. മഹാസഖ്യത്തിന്റെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകും.
ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിന് 29 ദിവസങ്ങൾ ബാക്കിനിൽക്കെ, സ്ഥാനാർഥി നിർണയത്തിൽ പാർട്ടികളുടെ പിടിവാശി ഇരു മുന്നണികൾക്കും തലവേദന ഉയർത്തുകയാണ്. 40 മുതൽ 55 സീറ്റുകൾ വേണമെന്ന ആവശ്യമാണ് കേന്ദ്രമന്ത്രി കൂടിയായ ചിരാഗ് പസ്വാൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്. എന്നാൽ ബിജെപി നേതാക്കളുമായുള്ള ചർച്ചയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഓരോ മണ്ഡലങ്ങളിലെയും ആറ് സീറ്റുകൾ വീതം വേണമെന്നാണ് എൽജെപി യുടെ ആവശ്യം. നിലവിൽ 5 എംപിമാരാണ് എൽജെപി ക്കുള്ളത്. എന്നാൽ 12 മുതൽ 18 സീറ്റുകൾ വരെയെന്ന ആദ്യ കണക്കിൽ നിന്നും ബിജെപി 25 സീറ്റുകൾ വരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം 30 സീറ്റുകളിൽ നിന്ന് പിന്നോട്ടില്ല എന്നാണ് ചിരാഗ് പസ്വാന്റെ നിലപാട്. 16 മുതൽ 18 സീറ്റുകൾ വരെയാണ് ജിതിൻ റാം മാഞ്ചിയുടെയും ആവശ്യം. എന്നാൽ കേന്ദ്രമന്ത്രിമാരുടെ പിടിവാശിക്ക് മുമ്പിൽ ബിജെപി വഴങ്ങിയിട്ടില്ല. അതേസമയം ബിജെപിയെക്കാൾ ഒരു സീറ്റ് കൂടി അധികം വേണമെന്ന നിലപാടാണ് ജെഡിയുവിനുള്ളത്.
മഹാസഖ്യത്തിന്റെ സ്ഥാനാർഥി നിർണയ ചർച്ചകളും ഇന്ന് നടക്കും. ചർച്ചകൾക്ക് മുന്നോടിയായി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. 50 സീറ്റുകളാണ് ആർജെഡി കോൺഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇടതു പാർട്ടികൾക്കായി 35 സീറ്റുകളും നൽകാനാണ് ധാരണ. ഇരു മുന്നണികളുടെയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈയാഴ്ച പ്രഖ്യാപിക്കും.
Adjust Story Font
16

