നിതീഷ് കുമാറിന്റെ മകന്‍റെയും മൈഥിലി താക്കൂര്‍ എംഎൽഎയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
പ്രതി കുറ്റം സമ്മതിച്ചതായും തെറ്റ് സമ്മതിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

- Published:
16 March 2026 1:39 PM IST

പട്ന: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയും ഫോട്ടോ എഡിറ്റിംഗ് ടൂളുകളും ഉപയോഗിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകനും ജെഡിയു നേതാവുമായ നിഷാന്ത് കുമാറിന്റെയും ബിജെപി യുവ എംഎൽഎയായ മൈഥിലി താക്കൂറിന്റെയും ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളെ അറസ്റ്റ് ചെയ്തു. ഷാബ്ദൗൺ സ്വദേശിയായ വികാസ് കുമാർ യാദവ് ആണ് (35) അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലായിരുന്നു നിഷാന്ത് കുമാറിന്റെയും പ്രശസ്ത ഗായിക കൂടിയായ മൈഥിലി താക്കൂറിന്റെയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസിനും പരാതി നല്‍കി. തുടര്‍ന്ന് ഫതേഹ്പൂർ പൊലീസ് സൈബര്‍ വിഭാഗത്തിന്‍റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വീട്ടിൽ റെയ്ഡ് ചെയ്ത് ശനിയാഴ്ച വൈകുന്നേരമാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിനു ശേഷം തന്റെ തെറ്റ് സമ്മതിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ അപ്‌ലോഡ് ചെയ്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദുരുപയോഗം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്‍കി. "ഏതെങ്കിലും വ്യക്തിയെക്കുറിച്ച് ആക്ഷേപകരമായ ഫോട്ടോകൾ, വീഡിയോകൾ അല്ലെങ്കിൽ സന്ദേശങ്ങൾ സൃഷ്ടിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുന്നത്, അവ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയോ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്. അത്തരം കേസുകളിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ടും മറ്റ് പ്രസക്തമായ വ്യവസ്ഥകളും പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉള്ളടക്കം പോസ്റ്റ് ചെയ്യണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. തെറ്റിദ്ധരിപ്പിക്കുന്നതോ വ്യാജമോ ആയ ഇത്തരം കാര്യങ്ങള്‍ ഷെയർ ചെയ്യരുതെന്നും ഇത്തരം ഉള്ളടക്കങ്ങള്‍ കണ്ടാൽ ഷെയര്‍ ചെയ്യാതെ പൊലീസിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. .
Adjust Story Font
16
