ബിഹാർ വോട്ടർ പട്ടിക: പുറന്തള്ളപ്പെട്ടവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിയമമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമീഷൻ നിലപാട് വ്യക്തമാക്കിയത്

ബിഹാർ: ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) പ്രക്രിയയിൽ പുറന്തള്ളപ്പെട്ട വോട്ടർമാരുടെ പട്ടികയോ അവർ ഒഴിവാക്കപ്പെട്ടതിന്റെ കാരണങ്ങളോ പ്രസിദ്ധീകരിക്കാൻ നിയമപരമായ ബാധ്യത ഇല്ലെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ (ECI) സുപ്രിം കോടതിയെ അറിയിച്ചു. 1950 ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങളും പ്രകാരം കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത വിവരം പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതിയിയിൽ മറുപടി പറഞ്ഞത്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) ഉൾപ്പെടെയുള്ള സംഘടനകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ നിലപാട് വ്യക്തമാക്കിയത്. 2025 ആഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് വോട്ടർ പട്ടികയിൽ 7.24 കോടി വോട്ടർമാർ ഉൾപ്പെട്ടപ്പോൾ 65.64 ലക്ഷം പേർ പുറന്തള്ളപ്പെട്ടു. ഇതിൽ 22.34 ലക്ഷം മരണപ്പെട്ടവർ, 36.28 ലക്ഷം സ്ഥിരമായി മാറിയവർ അല്ലെങ്കിൽ കണ്ടെത്താനാകാത്തവർ, 7.01 ലക്ഷം ഒന്നിലധികം രജിസ്ട്രേഷനുകൾ ഉള്ളവർ എന്നിങ്ങനെയാണ് കമീഷൻ കോടതിയെ അറിയിച്ചത്.
തെരഞ്ഞുടുപ്പ് കമീഷനെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി സുപ്രിം കോടതിയിൽ വാദിച്ചു. വോട്ടർ പട്ടികയുടെ ശുദ്ധത ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ഈ പരിഷ്കരണം. പുറന്തള്ളലിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും എന്നാൽ പരിശോധനയ്ക്കായി ഡ്രാഫ്റ്റ് പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും കമീഷൻ കോടതിയിൽ വ്യക്തമാക്കി.
Adjust Story Font
16

