ബിഹാറിൽ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾക്ക് സമീപവും തുറസായ സ്ഥലങ്ങളിലും മത്സ്യ- മാംസ വിൽപ്പന നിരോധിക്കുമെന്ന് ഉപമുഖ്യമന്ത്രി
തുറസായ സ്ഥലങ്ങളിലെ ഇറച്ചി വിൽപ്പന കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി വിജയ്കുമാർ സിൻഹ പറഞ്ഞു

- Published:
23 Feb 2026 11:47 AM IST

പട്‌ന: ബിഹാറിൽ വിദ്യാഭ്യാസ, മത സ്ഥാപനങ്ങൾക്ക് സമീപം മത്സ്യ- മാംസ വിൽപ്പന അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി വിജയ് സിൻഹ. തുറസായ സ്ഥലങ്ങളിലും വിൽപ്പന നിരോധിക്കും. കുട്ടികൾക്കിടയിൽ അക്രമവാസന തടയാനാണ് നിരോധനമെന്നാണ് ഉപമുഖ്യമന്ത്രിയുടെ വിശദീകരണം. നഗരങ്ങൾ വൃത്തികേടാവുന്നത് തടയാനും നിരോധനം സഹായിക്കുമെന്നും വിജയ് സിൻഹ പറഞ്ഞു.
ഇറച്ചിക്കടകളിൽ കർട്ടനുകളോ ടിന്റഡ് ഗ്ലാസുകളോ ഉപയോഗിച്ച് ഉള്ളിലെ കാഴ്ചകൾ മറയ്ക്കണം. വഴിയാത്രക്കാർ ഇറച്ചി നേരിട്ട് കാണാൻ പാടില്ല. നഗരസഭകളിൽ നിന്നുള്ള കൃത്യമായ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ കടകളിൽ ഉണ്ടായിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. നിലവിൽ ലൈസൻസുള്ള കടകൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള അറവുശാലകളിലേക്കോ പ്രത്യേക മാർക്കറ്റുകളിലേക്കോ മാറ്റാനും സാധ്യതയുണ്ട്.
ദർഭംഗ സന്ദർശന വേളയിൽ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. റോഡരികിലെ ഇറച്ചി വിൽപ്പന മൂലം ദുർഗന്ധം വമിക്കുന്നതായും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതായും ജനങ്ങൾ പരാതിപ്പെട്ടിരുന്നു. ദർഭംഗയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഈ മാതൃക ഇപ്പോൾ സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലേക്കും വ്യാപിപ്പിക്കുകയാണ്.
യുപി, ജാർഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ ബിഹാറും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനം നടപ്പിലാക്കുന്നതിനൊപ്പം വ്യാപാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും സർക്കാർ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Adjust Story Font
16
