'ബിജെപിയുടെ ബജറ്റ് ആൺകുട്ടി ജനിക്കുന്നത് പോലെ, കോണ്‍ഗ്രസിന്‍റേത് പെണ്‍കുട്ടി ജനിക്കുന്ന പോലെയും'; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദമാകുന്നു
പെൺകുട്ടികൾക്കെതിരായ പരാമർശങ്ങൾ ബിജെപിയുടെ സ്ത്രീവിരുദ്ധ, പുരുഷാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ തെളിവാണെന്ന് പ്രതിപക്ഷം പറഞ്ഞു

- Published:
17 Feb 2026 3:25 PM IST

ജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെ ബിജെപിയും കോൺഗ്രസും അവതരിപ്പിച്ച ബജറ്റുകളെ ആൺകുട്ടികളോടും പെൺകുട്ടികളോടും ഉപമിച്ച് ബിജെപി എംഎൽഎ ബഹാദൂർ സിംഗ് കോലി നടത്തിയ പരാമർശം വിവാദമാകുന്നു. ബിജെപി സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നത് ആൺകുട്ടി ജനിക്കുന്നത് പോലെയാണെന്നും കോൺഗ്രസിന്റേത് പെൺകുട്ടി ജനിക്കുന്നത് പോലെയാണെന്നുമാണ് എംഎല്‍എ പറഞ്ഞു. രാജസ്ഥാൻ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.
"നമ്മുടേത് യുവ ബജറ്റാണ്, അവരുടേത് വയോജന ബജറ്റും... നമ്മുടെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അവതരിപ്പിച്ച ആദ്യ ബജറ്റിൽ തന്നെ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു, രണ്ടാമത്തെയും മൂന്നാമത്തെയും ബജറ്റിലും ആണ്‍കുട്ടിയെ തന്നെ പ്രസവിച്ചു.ചെറുപ്പത്തിൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകുന്നയാൾ എപ്പോഴും ഉപയോഗപ്രദമാണ്. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം അവസാന ബജറ്റിൽ പ്രഖ്യാപനങ്ങൾ നടത്തി, പക്ഷേ പെൺകുഞ്ഞാണ് ജനിച്ചത്, ആൺകുഞ്ഞല്ല, അതുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും പ്രതിപക്ഷത്തിരിക്കുന്നത്." വീർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബഹാദൂർ സിങ് കോലി പറഞ്ഞു.
എംഎല്‍എയുടെ വാക്കുകള്‍ കേട്ട് അടുത്തിരുന്ന മറ്റ് ബിജെപി എംഎല്‍എമാര്‍ ചിരിക്കുന്നുണ്ടായിരുന്നു. ലോക്‌സഭാ എംപിയും മൂന്ന് തവണ എംഎൽഎയുമായ ബഹാദൂർ സിംഗ് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
കോലി പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി ആവശ്യപ്പെട്ടു, "ബിജെപി എംഎൽഎ നടത്തിയ പെൺകുട്ടികൾക്കെതിരായ പരാമർശങ്ങൾ ബിജെപിയുടെ സ്ത്രീവിരുദ്ധ, പുരുഷാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ തെളിവാണ്. ഭജൻ ലാൽ സർക്കാരിന്റെ ബജറ്റ് 'ആൺകുട്ടിയായി ജനിച്ചു' എന്നും ഗെലോട്ട് സർക്കാരിന്റെ ബജറ്റ് 'പെൺകുട്ടിയായി ജനിച്ചു' എന്നുമുള്ള അദ്ദേഹത്തിന്റെ വാദം ആഴത്തിലുള്ള യാഥാസ്ഥിതികവും ഇടുങ്ങിയതുമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ഒരു പെൺകുട്ടി ജനിക്കുമ്പോൾ അവൾ റാണി ലക്ഷ്മിഭായി ആയിത്തീരുകയും ബ്രിട്ടീഷുകാരെ വിറപ്പിക്കുകയും ചെയ്തുവെന്നും, അവള്‍ ഇന്ദിരാഗാന്ധിയായി മാറുമ്പോൾ അവൾ രാജ്യത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നുവെന്നും അവർ ഓർക്കുന്നില്ലായിരിക്കാം. സോണിയ ഗാന്ധിയാകുമ്പോൾ അവർ അരികുവൽക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുന്നു. യോദ്ധാവ് കാളിബായി, അമൃത ദേവി, ഹാദി റാണി, മീരാബായി തുടങ്ങിയ വ്യക്തികൾ രാജസ്ഥാനിൽ ആദരിക്കപ്പെടുന്നു, പിന്നെ എന്തിനാണ് ബിജെപിക്ക് പെൺകുട്ടികൾക്കെതിരായ മനോഭാവം?" ടിക്ക റാം ജൂലി ചോദിച്ചു.
എംഎല്‍എ പ്രശംസിച്ച ബജറ്റ് സഭയിൽ അവതരിപ്പിച്ചതും ഒരു സ്ത്രീയാണെന്ന് മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ പരാമർശിച്ചുകൊണ്ട് ടിക്ക റാം ജൂല പറഞ്ഞു. എംഎല്‍എ അസഭ്യ പ്രസ്താവന നടത്തിയ സഭയുടെ സ്പീക്കറും ഒരിക്കൽ ഒരു സ്ത്രീയായിരുന്നുവെന്നും മറക്കരുത്. ഇത്തരം ചിന്താഗതി സ്ത്രീകളെ അപമാനിക്കുക മാത്രമല്ല, സമൂഹത്തിൽ ലിംഗസമത്വം കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. പൊതുപ്രവര്‍ത്തകര്‍ തന്നെ ഇത്തരം വിവേചനപരമായ ഭാഷ ഉപയോഗിച്ചാൽ, സമൂഹത്തിൽ നിന്ന് ലിംഗവിവേചനം എങ്ങനെ തുടച്ചുനീക്കും?" പ്രതിപക്ഷം ചോദിച്ചു.
Adjust Story Font
16
