ത്രിപുരയിൽ സിപിഎം ഓഫീസ് ബിജെപി പിന്തുണയോടെ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി പരാതി
ഇരുട്ടിന്റെ മറവിൽ നടത്തിയ ഭീരുത്വപരമായ പ്രവൃത്തിയെന്ന് സിപിഎം

അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിലെ പ്രതാപ്ഡിൽ ബിജെപി ഗുണ്ടകൾ ബുൾഡോസർ ഉപയോഗിച്ച് സിപിഎംപാർട്ടി ഓഫീസ് തകർത്തതായി പരാതി. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ഗുണ്ടകൾ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് ബുൾഡോസറുമായി എത്തി ഓഫീസ് നശിപ്പിക്കുകയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു.
ബിജെപി പിന്തുണയുള്ള അക്രമികൾ അക്രമത്തിന്റെയും നാശനഷ്ടങ്ങളുടെയും വിഡിയോ ക്ലിപ്പുകൾ ഞങ്ങളുടെ അടുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ ബിജെപി പൊതു ഫണ്ട് കൊള്ളയടിക്കുകയും സംസ്ഥാനത്തിന്റെ ജനാധിപത്യ അന്തരീക്ഷം നശിപ്പിക്കുകയും ചെയ്യുന്നതായും ജിതേന്ദ്ര ചൗധരി പറഞ്ഞു.' ഇരുട്ടിന്റെ മറവിൽ നടത്തിയ ഭീരുത്വപരമായ പ്രവൃത്തി' എന്നാണ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്. പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നതിനുശേഷം ഇത് ഏഴാം തവണയാണ് പാർട്ടി ഓഫീസ് ആക്രമിക്കപ്പെടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രത്തൻ ദാസ് പറഞ്ഞു. 'ഇത്തവണ അവർ ഓഫീസിന്റെ മുൻവശത്തെ ഗേറ്റും വാതിലുകളും തകർത്തു. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു അത്. പൊലീസ് നിഷ്‌ക്രിയരാണ്, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,' അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് ആഷിം ഭട്ടാചാര്യ പ്രതികരിച്ചില്ല.
അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചെന്നും ആക്രമണത്തിന് ഉപയോഗിച്ച ജെസിബി പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ് അന്വേഷണം നടന്നുവരികയാണെന്നും ഈസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിലെ ഓഫീസർ സുബ്രത ദേബ്‌നാഥ് പറഞ്ഞതായി 'ഹിന്ദു' റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

