'കോൺഗ്രസ് നയങ്ങളെ ബിജെപി ഇഷ്ടപ്പെടുന്നു': സർക്കാർ കരാറുകളിലെ സംവരണത്തിൽ ഡി.കെ ശിവകുമാർ
കരാറുകളിൽ നാല് ശതമാനം സംവരണം എന്നത് മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു

ബെംഗളൂരു: സർക്കാർ കരാറുകളിൽ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനെതിരെ ബിജെപി ഉന്നയിച്ച എതിർപ്പുകളെ തള്ളി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
ഔദ്യോഗികമായി എതിർക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നയങ്ങളെ ബിജെപി ഇഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സംവരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിന്നാക്ക വിഭാഗങ്ങളെ ഉയർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
'' ബിജെപി എപ്പോഴും കോൺഗ്രസ് നയങ്ങളെ എതിർക്കുന്നുണ്ട്. പക്ഷേ ആ നയങ്ങൾ അവര്‍ക്ക് ഇഷ്ടമാണ്, അവരത് പിന്തുടരും''- ഇങ്ങനെയായിരുന്നു ശിവകുമാറിന്റെ വാക്കുകള്‍.
'' സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കണമെന്നാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്. പിന്നാക്കം നിൽക്കുന്നവർ സാമ്പത്തികമായി ഉന്നതി പ്രാപിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇതാണ് ഞങ്ങളുടെ ഉദ്ദേശ്യം''- അദ്ദേഹം കൂട്ടിച്ചേർത്തു. കരാറുകളിൽ നാല് ശതമാനം സംവരണം എന്നത് മുസ്‌ലിം വിഭാഗത്തിന് മാത്രമല്ലെന്നും എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം നേരത്തെയും വ്യക്തമാക്കിയിരുന്നു.
കെടിപിപി നിയമത്തിൽ ഭേദഗതി വരുത്താൻ കഴിഞ്ഞ ദിവസം കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. കോൺഗ്രസ് പ്രീണന രാഷ്ട്രീയം പയറ്റുകയാണെന്നായിരുന്നു ഈ തീരുമാനത്തോടുള്ള ബിജെപി പ്രതികരണം. ഇതിന് പിന്നാലെയാണ് ഡി.കെ ശിവകുമാറിന്റെ പ്രതികരണം.
Adjust Story Font
16

