'നല്ല വെള്ളം...!'; റീൽ ചിത്രീകരണത്തിനിടെ യമുനാ നദിയിൽ വീണ് ഡൽഹിയിലെ ബിജെപി എംഎൽഎ
'വെള്ളം കുടിച്ച് കാണിക്കാം' എന്ന് പറഞ്ഞ് നദിയിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ തിട്ടയിടിഞ്ഞ് എംഎൽഎ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Photo| NDTV
ന്യൂഡൽഹി: റീൽ ചിത്രീകരിക്കുന്നതിനിടെ കാൽവഴുതി യമുന നദിയിൽ വീണ് ബിജെപി എംഎൽഎ. നദിയുടെ ശുദ്ധി കാണിക്കാനായി റീൽ ഷൂട്ടിന് ശ്രമിച്ച പട്പർഗഞ്ച് എംഎൽഎ രവീന്ദർ സിങ് നേഗിയാണ് വെള്ളത്തിൽ വീണത്. നഗരത്തിലെ ഛഠ് പൂജ ആഘോഷങ്ങൾക്ക് മുന്നോടിയായിരുന്നു സംഭവം.
സംഭവത്തിന്റെ 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. 'വെള്ളം കുടിച്ച് കാണിക്കാം' എന്ന് പറഞ്ഞ് രണ്ട് കുപ്പികൾ കൈയിൽ പിടിച്ച് നദിയിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ തിട്ടയിടിഞ്ഞ് എംഎൽഎ വെള്ളത്തിലേക്ക് വീഴുന്നത് വീഡിയോയിൽ കാണാം. അടുത്ത് നിന്നയാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങിയ എംഎൽഎ പിന്നീട് അടുത്തുണ്ടായിരുന്ന പലകകളിൽ പിടിച്ചാണ് കരയ്ക്ക് കയറിയത്.
വീഡിയോ പങ്കുവച്ച് ബിജെപി എംഎൽഎയെ പരിഹസിച്ച് ആം ആദ്മി പാർട്ടി എംഎൽഎ സഞ്ജീവ് ഝാ രംഗത്തെത്തി. 'പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് ദേശീയ തലസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് ഒരു തൊഴിലായി മാറിയിരിക്കുന്നു'- അദ്ദേഹം ട്വീറ്റിൽ കുറിച്ചു. 'അയാൾ നുണകളുടെ കൊടുമുടി പോലും മറികടന്നിരിക്കുന്നു. ഒരുപക്ഷേ, നുണകളുടെയും നാട്യത്തിന്റെയും ഈ രാഷ്ട്രീയത്തിൽ മടുത്ത യമുനാ നദി അയാളെ തന്റെ അരികിലേക്ക് ക്ഷണിച്ചതാവാം'- എംഎൽഎ പറഞ്ഞു.
ഛഠ് പൂജ ആഘോഷങ്ങൾക്കിടെ, യമുനയുടെ അവസ്ഥയെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആം ആദ്മിയും ഭരണകക്ഷിയായ ബിജെപിയും പരസ്പരം ആരോപിച്ചു കൊണ്ടിരിക്കെയാണ് ഈ സംഭവം. യമുന നദി ശുദ്ധമാണെന്ന് തെളിയിക്കാൻ ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് ബിജെപി സർക്കാരിനെ വെല്ലുവിളിച്ചു.
മുഖ്യമന്ത്രി രേഖ ഗുപ്തയും മന്ത്രി പർവേഷ് വർമയും ഒരു ലിറ്റർ യമുന വെള്ളം കുടിച്ചുകാണിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഭരണത്തിൽ പരാജയപ്പെട്ട ആംആദ്മി പാർട്ടി ശുചീകരണ പദ്ധതികൾക്കായി 6,500 കോടി രൂപ പാഴാക്കിയെന്ന് ബിജെപി ആരോപിച്ചു.
ഛഠ് പൂജയുമായി ബന്ധപ്പെട്ട യമുന സ്‌നാനത്തിന് പ്രധാനമന്ത്രിക്ക് പ്രത്യേക നദി തന്നെ നിർമിച്ച സംഭവവും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്നാനം ചെയ്യാനായി വ്യാജ യമുന നിര്‍മിച്ചുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടിയാണ് ആദ്യം രംഗത്ത് എത്തിയിരിക്കുന്നത്. മോദിയുടെ സ്‌നാനത്തിനായി യമുനയോട് ചേർന്ന് പ്രത്യേക കുളം നിർമിച്ചെന്നും, ശുദ്ധീകരിച്ച ജലം പുറത്തുനിന്ന് കൊണ്ടുവന്ന് നിറച്ചെന്നുമാണ് സൗരഭ് ഭരദ്വാജ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നത്.
യഥാർഥ നദിയിലെ വെള്ളം കലരാതിരിക്കാൻ പ്രത്യേക മതിൽകെട്ടുകളും നിർമിച്ചിട്ടുണ്ട്. നദിയോട് ചേർന്ന് പുതിയ പടിക്കെട്ടുകൾ സഹിതമാണ് കുളം നിർമിച്ചത്. മാലിന്യപ്രശ്‌നം മൂലം ഉപയോഗശൂന്യമായ യമുനയോട് ചേർന്നാണ് പുതിയ ജലാശയവും ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് വസീറാബാദിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ശുചീകരിച്ച വെള്ളമെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

