Quantcast

മദ്രസയുടെ പേരിലുള്ള മതിൽ തകർത്തെന്ന് ബിജെപി എംഎൽഎ; തകർത്തത് കോടതിയുടെ പരിഗണനയിലുള്ള ഭൂമിയിലെ നിർമിതിയെന്ന് പൊലീസ്

മദ്രസകളിൽ പഠിക്കുന്ന കുട്ടികളെല്ലാം തീവ്രവാദികളാണെന്ന് അക്രമികളിലൊരാൾ ആക്രോഷിച്ചതായി ദൃക്സാക്ഷികളിലൊരാൾ പ്രതികരിച്ചു. അതേസമയം, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിർമിച്ച അഞ്ചടി മാത്രം ഉയരമുള്ള മതിലാണതെന്നും കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നുമായിരുന്നു പൊലീസിന്‍റെ പ്രതികരണം

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-05-23 11:02:24.0

Published:

23 May 2026 4:31 PM IST

മദ്രസയുടെ പേരിലുള്ള മതിൽ തകർത്തെന്ന് ബിജെപി എംഎൽഎ; തകർത്തത് കോടതിയുടെ പരിഗണനയിലുള്ള ഭൂമിയിലെ നിർമിതിയെന്ന് പൊലീസ്
X

ന്യൂഡൽഹി: ഡൽഹിയിൽ മദ്രസയ്ക്ക് വേണ്ടി നിയമവിരുദ്ധമായി കെട്ടിപ്പൊക്കുന്ന മതിലാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ തർക്കം നിലനിൽക്കുന്ന മതിലിന് നേരെ ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ ആക്രമണം. ഡൽഹി പീതാംപുരയിലെ നിർമാണത്തിലിരിക്കുന്ന ചുറ്റുമതിലാണ് എംഎൽഎ കർണിൽ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം തകർത്തത്. മെയ് 21 വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

നിർമാണം നടന്നുകൊണ്ടിരിക്കുന്ന മതിൽ തകർക്കുന്നതിനായി തീവ്ര ഹിന്ദുത്വ സംഘടനകളിൽ പെട്ട നൂറോളം പ്രവർത്തകരുമായാണ് സിങ് സ്ഥലത്തെത്തിയത്. വലിയ ആക്രോഷത്തോടും മുദ്രാവാക്യങ്ങളോടെയും ആൾക്കൂട്ടം മതിൽ തകർക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

മുസ്ലിം സമുദായത്തോട് അനാവശ്യമായ ശത്രുതാമനോഭാവം വെച്ചുപുലർത്താനും അകാരണമായി അധിക്ഷേപിക്കാനും വേണ്ടി മാത്രമാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ആൾക്കൂട്ടം ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മദ്രസകളിൽ പഠിക്കുന്ന കുട്ടികളെല്ലാം തീവ്രവാദികളാണെന്ന് അക്രമികളിലൊരാൾ ആക്രോഷിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

മദ്രസയുടെ കെട്ടിട നിർമാണം അശാസ്ത്രീയമാണെന്നും പൊളിച്ചുനീക്കാൻ കോടതി നിർദേശമുണ്ടെന്നുമാണ് കർണിൽ സിങ്ങിന്‍റെ ന്യായം. അതേസമയം, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിർമിച്ച അഞ്ചടി മാത്രം ഉയരമുള്ള മതിലാണതെന്നും കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നുമായിരുന്നു പൊലീസിന്‍റെ പ്രതികരണം. 'അധികാരികൾ നടപടിയെടുക്കുമെന്ന പ്രതീക്ഷയിൽ നാല് മാസമായി ഞാൻ കാത്തിരിക്കുകയായിരുന്നു. പക്ഷേ, അവരുടെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ല. മറ്റാരും ഇടപെടാത്ത പക്ഷം ഞങ്ങൾക്ക് ഇടപെടേണ്ടിവന്നു'. കർണിൽ സിങ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ചെയ്തിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്നും തുടർനടപടികളെ ഭയക്കുന്നില്ലെന്നും സിങ് കൂട്ടിച്ചേർത്തു.

പൊളിച്ചുനീക്കിയ മതിലിന് നൂറ് മീറ്റർ അകലെയായി ഒരു പള്ളിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് യാതൊന്നും സംഭവിച്ചിട്ടില്ല. ആൾക്കൂട്ടം പൊളിച്ചുകളഞ്ഞ മതിലുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പള്ളി കമ്മിറ്റി അറിയിച്ചു. കോടതിയുടെ മധ്യസ്ഥതയിൽ തുടരുന്ന തർക്കവിഷയത്തിനാധാരമായ മതിലിന് നേരെ പ്രകോപനപരമായി ആൾക്കൂട്ടത്തെ സംഘടിപ്പിക്കുകയും ആയുധങ്ങളുപയോഗിച്ച് മതിലുകളെ തകർക്കുകയും ചെയ്തെങ്കിലും പൊലീസ് ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ ബിജെപി എംഎൽഎക്കെതിരെയും അനുയായികൾക്കെതിരെയും വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

TAGS :

Next Story