ആർഎസ്എസ് നേതൃവുമായി നാല് മണിക്കൂർ കൂടിക്കാഴ്ച; ബിജെപിയിലും സർക്കാറിലും പുനഃസംഘടന ഉടൻ
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിൻ്റെ വസതിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസ് പ്രതിനിധി അരുൺ കുമാർ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു

- Published:
16 Jun 2026 5:26 PM IST

ന്യൂഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിലും വിവിധ സംസ്ഥാനങ്ങളിലും സർക്കാറിലും വൻ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹി പട്ടിക ജൂൺ 20 നോ 21 നോ പ്രഖ്യാപിച്ചേക്കും. പുനഃസംഘടനയ്ക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ബിജെപി-ആർഎസ്എസ് മുതിർന്ന നേതാക്കൾ പങ്കെടുത്ത നാല് മണിക്കൂർ നീണ്ട ചർച്ച പൂർത്തിയായി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർഎസ്എസ് പ്രതിനിധി അരുൺ കുമാർ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, പാർട്ടിയുടെ ഘടനാപരമായ മാറ്റങ്ങളും പുതിയ ടീം രൂപീകരണവുമായിരുന്നു പ്രധാന ചർച്ചാവിഷയം. മൂന്നാം എൻഡിഎ സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ, ബിജെപിയിലെ സംഘടനാ മാറ്റങ്ങൾക്ക് തൊട്ടുപിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സാമുദായിക പ്രതിനിധ്യം കൂടി ഉറപ്പാക്കിയാവും പുനഃസംഘടന എന്നാണ് പുറത്തുവരുന്ന സൂചന. സംഘടനയിൽ സജീവമായ ചില പ്രമുഖ നേതാക്കളെ ഭരണരംഗത്തേക്കും തിരിച്ചും മാറ്റാനുള്ള സാധ്യതയുണ്ട്. ആർഎസ്എസ് പ്രതിനിധിയായി പങ്കെടുത്ത അരുൺ കുമാർ, പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള നിർദേളം യോഗത്തിൽ പങ്കുവെച്ചു.
Adjust Story Font
16
