മുന്നണി വിട്ട പാർട്ടികളെ തിരികെയെത്തിക്കണം; എൻ.ഡി.എ സംഖ്യത്തെ വീണ്ടെടുക്കാൻ ബി.ജെ.പി
മോദി പ്രഭാവം കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്ന് ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ന്യൂഡല്‍ഹി: 2014 ലെ എൻഡിഎ സഖ്യത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് ബി.ജെ.പി. മുന്നണി വിട്ട് പോയ പാർട്ടികളെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ചേർത്ത് നിർത്താൻ ആണ് ബി.ജെ.പിയുടെ ശ്രമം. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നീക്കം ശക്തമാക്കുന്ന സാഹചര്യത്തിലാണ് സഖ്യകക്ഷികളെ കൂടെ നിർത്താനുള്ള ബി.ജെ.പി നീക്കം.
പാർട്ടി മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന നിർണായക യോഗം ഞായറാഴ്ചയാണ് ബി.ജെ.പി വിളിച്ച് ചേർത്തിരിക്കുന്നത്. മോദി പ്രഭാവം കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്ന് ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ തന്നെ കർണാടക തെരഞ്ഞെടുപ്പ് ഫലം മുൻ നിർത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2014ൽ എൻഡിഎ മുന്നണിയുടെ ഭാഗമായതും എന്നാല്‍ പിന്നീട് മുന്നണി വിട്ടതുമായ പാർട്ടികളെ കൂടെ നിർത്താൻ ബി.ജെ.പി ശ്രമം ആരംഭിച്ചത്.
അകാലിദൾ, ടിഡിപി, ജെഡിഎസ് എന്നീ പാർട്ടികളെ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. ജെഡിയു, ഉദ്ധവ് പക്ഷ ശിവസേന എന്നീ പാർട്ടികൾ മുന്നണി വിട്ടത് വീഴ്ചയായി ബി.ജെ.പി തന്നെ അംഗീകരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബി.ജെ.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ ഈ പാർട്ടികളുടെ പിന്തുണ കൂടിയേ തീരൂ. ഞായറാഴ്ച ബി.ജെ.പി മുഖ്യമന്ത്രിമാരുടെ യോഗം നടക്കാനിരിക്കെ മുൻ സഖ്യകക്ഷികളെ കൂടെ നിർത്താൻ സാധ്യമായ എല്ലാ നീക്കവും നടത്താൻ ആണ് സംസ്ഥാന ഘടകങ്ങൾക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദേശം.
Adjust Story Font
16

