Quantcast

എംഎൽസി തെരഞ്ഞെടുപ്പ്; വാരാണസിയിൽ ബിജെപിക്ക് തോൽവി

ഉപരിസഭയായ നിയമസഭാ കൗൺസിലിൽ ആകെ നൂറു സീറ്റാണുള്ളത്.

MediaOne Logo

Web Desk

  • Published:

    12 April 2022 9:24 AM GMT

എംഎൽസി തെരഞ്ഞെടുപ്പ്; വാരാണസിയിൽ ബിജെപിക്ക് തോൽവി
X

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിൽ വാരാണസി മണ്ഡലത്തിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി ഡോ. സുദമ പട്ടേൽ തോറ്റു. അതേസമയം, 36 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 27 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മുഖ്യപ്രതിപക്ഷമായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്ക് എവിടെയും മേല്‍ക്കൈയില്ല.

ലഖ്‌നൗ-ഉന്നാവ് സീറ്റിൽ ബിജെപിയുടെ രാമചന്ദ്ര പ്രധാൻ വിജയിച്ചു. ബാലിയ, ബാരാബങ്കി, സിതാപൂർ, ബസ്തി ജില്ലകളിലും ബിജെപി വിജയിച്ചതായി പിടിഐ റിപ്പോർട്ടു ചെയ്യുന്നു.

ബലിയയിൽ മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ പേരമകൻ രവിശങ്കർ സിങ് പപ്പുവാണ് വിജയിച്ചത്. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി അരവിന്ദ് ഗിരിയെ 1981 വോട്ടിനാണ് പപ്പു തോൽവിച്ചത്. ബാരാബങ്കിയിൽ എസ്പിയുടെ രാജേഷ് കുമാർ യാദവിനെ ബിജെപി സ്ഥാനാർത്ഥി അങ്കാദ് സിങ് തോൽപ്പിച്ചത് 1745 വോട്ടിനാണ്. സിതാപൂരിൽ പവൻകുമാർ സിങ് വിജയിച്ചു. ഭൂരിപക്ഷം 3692. ബസ്തിയിൽ എസ്പിയുടെ സന്തോഷ് യാദവിനെയാണ് ബിജെപി സ്ഥാനാർത്ഥി സുഭാഷ് യദുവൻഷ് തോൽപ്പിച്ചത്. ഭൂരിപക്ഷം 4294. അയോധ്യയിലെ ഫൈസാബാദ്-അംബേദ്കർ നഗർ സീറ്റിൽ 1680 വോട്ടിനാണ് ബിജെപിയുടെ ഹരി ഓം പാണ്ഡെ വിജയിച്ചത്.

ബിജെപിയെ ഞെട്ടിച്ച് വാരാണസി

വാരാണസിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി അന്നപൂർണ സിങ് ആണ് വിജയിച്ചത്. ജയിലിൽ കഴിയുന്ന ഗ്യാങ്സ്റ്റർ ബ്രിജേഷ് കുമാർ സിങ്ങിന്റെ ഭാര്യയാണ് ഇവർ. ബിജെപിക്കായി ഡോ. സുദമ പട്ടേലാണ് മത്സരരംഗത്തുണ്ടായിരുന്നത്. 4,234 വോട്ടിന്റെ ആധികാരിക ജയമാണ് അന്നപൂർണയുടേത്.

രണ്ടാം സ്ഥാനത്തെത്തിയ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഉമേഷ് യാവദിന് 345 വോട്ടേ കിട്ടിയുള്ളൂ. 170 വോട്ടു മാത്രം നേടി ബിജെപി മൂന്നാമതായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരാണസി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വിജയിച്ചത് ബിജെപിയായിരുന്നു.


അന്നപൂര്‍ണ സിങ്

ഉപരിസഭയായ നിയമസഭാ കൗൺസിലിൽ ആകെ നൂറു സീറ്റാണുള്ളത്. ഇതിൽ 37 സീറ്റാണ് ഒഴിഞ്ഞു കിടക്കുന്നത്. തെരഞ്ഞെടുപ്പ് നടന്നത് 36 സീറ്റിലേക്കും. ഒമ്പത് സീറ്റുകളിൽ നേരത്തെ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദശാബ്ദങ്ങൾക്കിടെ ആദ്യമായാണ് ബിജെപി ഇരുസഭകളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുന്നത്. നിലവിൽ ബിജെപിക്ക് 34 അംഗങ്ങളാണ് ഉള്ളത്. എസ്പിക്ക് 17 ഉം ബിഎസ്പിക്ക് നാലും കോൺഗ്രസ്, അപ്‌നാ ദൾ, നിഷാദ് പാർട്ടി എന്നിവയ്ക്ക് ഒരോ അംഗങ്ങളുമുണ്ട്.

എംപിമാർ, എംഎൽഎമാർ, വില്ലേജ് പ്രധാൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കോർപറേഷൻ കൗൺസിലർമാർ എന്നിവരാണ് നിയമസഭാ കൗൺസിലിലേക്കുള്ള വോട്ടർമാർ. കഴിഞ്ഞ തവണ ലജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് യോഗി ആദിത്യനാഥ് സംസ്ഥാനം ഭരിച്ചിരുന്നത്. ഇത്തവണ ഗോരഖ്പൂരിൽ നിന്നാണ് യോഗി സഭയിലെത്തിയത്.

ദേശീയതയ്ക്കും വികസനത്തിനും സദ്ഭരണത്തിനും ഒപ്പമാണ് ജനം എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതായി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നേടിയ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: The BJP today headed for a massive win in biennial elections to the Uttar Pradesh legislative council, weeks after its record victory in state elections, but had to settle for a loss in Varanasi, Prime Minister Narendra Modi's constituency.

TAGS :

Next Story