Quantcast

മഹാരാഷ്ട്രയില്‍ ബിജെപിക്ക് തിരിച്ചടി; ഭിവണ്ടിയില്‍ ഒമ്പത് കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു

നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കാലുമാറ്റം

MediaOne Logo
Blow to BJP in Maharashtra Bhivandi
X

മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി. ഒമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. മേയര്‍ സ്ഥാനത്തേക്ക് തഴയപ്പെട്ട ബിജെപി നേതാവ് നാരായണ്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ എതിര്‍പാളയത്തിലെത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി ശരദ് പവാര്‍ സഖ്യത്തിനൊപ്പം ചേര്‍ന്ന് നാരായണ്‍ ചൗധരി മേയര്‍ സ്ഥാനാര്‍ഥിയാകും.

90 അംഗ കോര്‍പറേഷന്‍ കൗണ്‍സിലില്‍ 30 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 22, എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് 12, ശിവസേന 12, എസ്പി ആറ്, കൊണാര്‍ക് വികാസ് അഘാഡി ആറ്, ഭിവണ്ടി വികാസ് അഘാഡി നാല്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കൗണ്‍സിലര്‍മാരുടെ എണ്ണം.

നാരായണ്‍ ചൗധരിയെ മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. താരിഖ് മൊമിന്‍ ഡെപ്യൂട്ടി മേയറായും മത്സരിക്കും. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 46 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. ബിജെപി വിമതര്‍ കൂടിയെത്തിയതോടെ കോണ്‍ഗ്രസ് സഖ്യത്തിന് 50ലേറെ കൗണ്‍സിലര്‍മാരുടെ പിന്തുണയായി.

നാരായണ്‍ ചൗധരിക്ക് നേരെത്ത മേയര്‍ സ്ഥാനാര്‍ഥിത്വം ബിജെപി വാഗ്ദാനം ചെയ്തതാണ്. എന്നാല്‍, അവസാന നിമിഷം കാലുമാറി. ഇതോടെയാണ് മറ്റ് എട്ട് കൗണ്‍സിലര്‍മാരെയും ഒപ്പം കൂട്ടി ചൗധരി കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയത്.

TAGS :

Next Story