Quantcast

' കുംഭമേളക്കിടെ ഒരു ബോട്ടുടമയുടെ കുടുംബം 30 കോടി ലാഭം നേടി'; കുംഭമേള വിമര്‍ശനത്തിനിടെ ലാഭക്കണക്കുകള്‍ നിരത്തി യോഗി ആദിത്യനാഥ്

ജനുവരി 16 മുതൽ ഫെബ്രുവരി 26 വരെയായിരുന്നു കുംഭമേള നടന്നത്

MediaOne Logo

Web Desk

  • Published:

    5 March 2025 10:06 AM IST

Yogi Adityanath
X

ലഖ്നൗ: കുംഭമേളക്കിടെ പ്രയാഗ്‍രാജിലെ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്തെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ബോട്ടുടമയുടെ വിജയകഥ പറഞ്ഞുകൊണ്ടാണ് യോഗി ഈ ആരോപണത്തെ ചെറുത്തത്. 45 ദിവസം നീണ്ട കുംഭമേളയിൽ ഒരു ബോട്ടുടമയുടെ കുടുംബം 30 കോടി രൂപ ലാഭം നേടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

"ഒരു തോണിക്കാരൻ്റെ കുടുംബത്തിൻ്റെ വിജയഗാഥയാണ് ഞാൻ പറയുന്നത്. അവർക്ക് 130 ബോട്ടുകളുണ്ട്. 45 ദിവസം നീണ്ട കുംഭമേളയിൽ അവർ 30 കോടി രൂപ ലാഭം നേടി. അതായത് ഓരോ ബോട്ടും 23 ലക്ഷം രൂപ സമ്പാദിച്ചു. പ്രതിദിനം 50,000-52,000 രൂപ ഓരോ ബോട്ടിൽ നിന്നും അവർക്ക് ലഭിച്ചു'' സമാജ്‌വാദി പാർട്ടിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനുവരി 16 മുതൽ ഫെബ്രുവരി 26 വരെയായിരുന്നു കുംഭമേള നടന്നത്. കുംഭമേള സമയത്ത് നടത്തിയ ക്രമീകരണങ്ങളെ പ്രശംസിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി, 66 കോടി ആളുകൾക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞുവെന്നും സന്തോഷത്തോടെ നഗരം വിട്ടുവെന്നും പറഞ്ഞു.

"പീഡനം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം തുടങ്ങിയ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. 66 കോടി ആളുകൾ എത്തി, പങ്കെടുത്ത് സന്തോഷത്തോടെ പിരിഞ്ഞു. പങ്കെടുക്കാൻ കഴിയാത്തവർക്ക് തങ്ങളെ നഷ്‌ടപ്പെടുത്തിയതായി അനുഭവപ്പെട്ടു" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിരവും താല്‍ക്കാലികവുമായ അടിസ്ഥാനസൗകര്യവികസനത്തിനായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ 7,500 കോടി രൂപ ചെലവഴിച്ചതായും യോഗി നിയമസഭയിൽ പറഞ്ഞു. കുംഭമേളയിൽ ഹോട്ടൽ മേഖലയിൽ നിന്ന് 40,000 കോടി രൂപയും ഭക്ഷണം, അവശ്യവസ്തുക്കൾ എന്നിവയിലൂടെ 33,000 കോടി രൂപയും ഗതാഗതത്തിൽ 1.5 ലക്ഷം കോടി രൂപയും മതപരമായ വഴിപാടുകളിൽ 20,000 കോടി രൂപയും സംഭാവനയായി 660 കോടി രൂപയും ടോൾ നികുതിയിൽ നിന്ന് 300 കോടി രൂപയും മറ്റ് വരുമാനത്തിൽ 66,000 കോടി രൂപയും വരുമാനം നേടിയതായി യോഗി അറിയിച്ചു.

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപിക്കും യോഗി സർക്കാനും എതിരെ സമാജ്‍വാദി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ കുളിക്കാനുള്ള പല സ്ഥലങ്ങളും പ്രാഥമിക ജല ഗുണനിലവാരം പാലിക്കുന്നില്ലെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണ്ടെത്തലും ചര്‍ച്ചയായിരുന്നു. ‘വിവിധ സന്ദർഭങ്ങളിൽ നിരീക്ഷിച്ച എല്ലാ സ്ഥലങ്ങളിലും ഫീക്കൽ കോളിഫോം ബാക്​ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്​. അതിനാൽ തന്നെ പ്രാഥമിക ജല ഗുണനിലവാരവുമായി നദിയിലെ ജലത്തിന്‍റെ ഗുണനിലവാരം പൊരുത്തപ്പെടുന്നില്ല. മഹാകുംഭമേള സമയത്ത് പുണ്യസ്നാന ദിനങ്ങൾ ഉൾപ്പെടെ പ്രയാഗ്‌രാജിലെ നദിയിൽ ധാരാളം ആളുകൾ കുളിക്കുന്നുണ്ട്​. ഇത് മലം സാന്ദ്രത വർധിക്കുന്നതിലേക്ക് നയിക്കും’ -എന്നാണ് റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത്.

TAGS :

Next Story