പാര്‍ലമെന്റ് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ മെയില്‍; ഡല്‍ഹിയിലെ 9 സ്‌കൂളുകള്‍ക്കും ഭീഷണി
ഖലിസ്ഥാൻ നാഷണൽ ആർമിയുടെ പേരിൽ ഇ മെയിൽ മുഖേനയാണ് സന്ദേശം ലഭിച്ചത്

ന്യൂഡല്‍ഹി: പാര്‍ലമെന്റിനും ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കുമെതിരെ ബോംബ് ഭീഷണി. ഈ മാസം 13ന് ഉച്ചയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ സ്‌ഫോടനമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശം. ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ പേരില്‍ ഇ മെയില്‍ മുഖേനയാണ് സന്ദേശം ലഭിച്ചത്. ഡല്‍ഹിയിലെ ഒമ്പത് സ്‌കൂളുകള്‍ക്കും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
സന്ദേശം ലഭിച്ചതിന് തൊട്ടുപിന്നാലെ ബോംബ് സ്‌ക്വാഡ് തലസ്ഥാനനഗരിയില്‍ പരിശോധന നടത്തുകയാണ്. പല സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഡല്‍ഹി ഖലിസ്ഥാനായി മാറ്റുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. പാര്‍ലമെന്റ് സെഷനുകള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ തന്നെ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനനഗരിയില്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. 13നാണ് പാര്‍ലമെന്റ് അവസാനിക്കുന്നത്. സമാപനദിവസം ഉച്ചയ്ക്ക് 1.11ന് സ്‌ഫോടനമുണ്ടാകുമെന്നും സന്ദേശത്തിലുണ്ട്.
ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളിലുള്ള സ്‌കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തിയതായാണ് റിപ്പോര്‍ട്ട്. സന്ദേശത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പരിശോധന കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

