വന്ദേഭാരത് ട്രെയിൻ ഇടിച്ച് 16കാരൻ മരിച്ചു; ആശുപത്രി അടിച്ചുതകർത്ത് ബന്ധുക്കൾ
ഡോക്ടർമാരെ കൈയേറ്റം ചെയ്ത ഇവർ ആശുപത്രി രേഖകൾ നശിപ്പിച്ചെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആരോപിച്ചു.

- Published:
9 Feb 2026 4:27 PM IST

ലഖ്നൗ: ഉത്തർപ്രദേശിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് 16കാരൻ മരിച്ചു. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി ബന്ധുക്കൾ അടിച്ചുതകർത്തു. യുപിയിലെ ഷാജഹാൻപൂർ ജില്ലയിലെ ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ചയാണ് സംഭവം. അങ്കിത് കുമാർ എന്ന കുട്ടിയാണ് മരിച്ചത്. പാളം മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവമറിഞ്ഞെത്തിയ ബന്ധുക്കൾ ജീവനക്കാരോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ആശുപത്രി അടിച്ചുതകർക്കുകയുമായിരുന്നു. ഇതോടെ, വനിതാ ഡോക്ടർമാരടക്കമുള്ളവർ ജീവരക്ഷാർഥം റെസ്റ്റ്റൂമിൽ അഭയം തേടി. സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് ആൺകുട്ടിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രാജേഷ് കുമാർ പറഞ്ഞു. ഡോക്ടർ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. മരണം ഉറപ്പിക്കാൻ ഇസിജി എടുത്തെങ്കിലും ഹൃദയമിടിപ്പുണ്ടായിരുന്നില്ലെന്നും തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായും പ്രിൻസിപ്പൽ വ്യക്തമാക്കി.
പിന്നീട് വിവരമറിഞ്ഞ് അങ്കിതിന്റെ ബന്ധുക്കൾ ആശുപത്രിയിലേക്ക് എത്തുകയും അത്യാഹിതവിഭാഗം അടിച്ചുതകർക്കുകയുമായിരുന്നു. ഡോക്ടർമാരെ കൈയേറ്റം ചെയ്ത ഇവർ ആശുപത്രി രേഖകൾ നശിപ്പിച്ചെന്നും പ്രിൻസിപ്പൽ ആരോപിച്ചു.
അതിക്രമത്തിനിടെ, റെസ്റ്റ്റൂമിൽ അഭയം തേടിയ വനിതാ ഡോക്ടർമാരെ ഉപദ്രവിക്കാൻ ഇവർ വാതിൽ തല്ലിത്തകർക്കാൻ ശ്രമിച്ചതായും അപ്പോഴേക്കും പൊലീസ് സംഘം എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രിയിലെ അതിക്രമത്തിൽ കുട്ടിയുടെ ബന്ധുക്കൾക്കെതിരെ ഭാരതീയ ന്യായ് സംഹിത 131, 132, 221, 324(5), 351(3), 352 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തതായി എസ്പി ദ്വിവേദി പറഞ്ഞു.
പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിങ്കളാഴ്ച, കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ നിഗോഹിയിലെ റോഡ് ഉപരോധിച്ചു. തുടർന്ന് പൊലീസുകാരെത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.
Adjust Story Font
16
