Quantcast

പാറക്കെട്ടിനുള്ളിൽ തലകീഴായി ആറ് മണിക്കൂർ, തൊട്ടടുത്ത് മലമ്പാമ്പും തേനീച്ചക്കൂട്ടവും!; 14കാരന്‍റെ അത്ഭുതരക്ഷപ്പെടൽ ഇങ്ങനെ...

തേൻ എടുക്കാനായി ഇടുങ്ങിയ പാറക്കെട്ടിലേക്ക് തലകീഴായി ഇഴഞ്ഞു കയറിയതായിരുന്നു കുട്ടി

MediaOne Logo
പാറക്കെട്ടിനുള്ളിൽ തലകീഴായി ആറ് മണിക്കൂർ, തൊട്ടടുത്ത്  മലമ്പാമ്പും തേനീച്ചക്കൂട്ടവും!; 14കാരന്‍റെ അത്ഭുതരക്ഷപ്പെടൽ ഇങ്ങനെ...
X

ഭുവനേശ്വർ: ഒഡിഷയിലെ നയഗഡ് ജില്ലയിലുള്ള വനമേഖലയിൽ തേൻ ശേഖരിക്കാൻ പോയ 14 വയസുകാരൻ മരണത്തെ മുഖാമുഖം കണ്ടത് ആറുമണിക്കൂർ. പാറക്കെട്ടിനിടയിലെ ഇടുങ്ങിയ വിടവിൽ തലകീഴായി കുടുങ്ങിയ ബാലനെ വന്യജീവികളുടെ ഭീഷണിയെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഒടുവിൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. സിബ പ്രധാൻ എന്ന കുട്ടി അമ്മാവനോടൊപ്പമാണ് ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കാട്ടിൽ തേൻ ശേഖരിക്കാൻ പോയത്. തേൻ എടുക്കാനായി കുട്ടി ഇടുങ്ങിയ പാറക്കെട്ടിലേക്ക് തലകീഴായി ഇഴഞ്ഞു കയറി. എന്നാല്‍ തല അതില്‍ കുടുങ്ങുകയായിരുന്നു. അമ്മാവൻ അവനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അദ്ദേഹം ഗ്രാമവാസികളെയും അധികൃതരെയും വിവരമറിയിച്ചു. .

ഭുവനേശ്വർ, ഒഡാഗാവ് എന്നിവിടങ്ങളിൽ നിന്നുള്ള 45 പേരടങ്ങുന്ന അഗ്നിശമന സേനാ വിഭാഗമാണ് ദൗത്യത്തിൽ പങ്കെടുത്തത്. രക്ഷാപ്രവർത്തനം അത്യന്തം ദുഷ്കരമാക്കിയത് പരിസരത്തുണ്ടായിരുന്ന വന്യജീവികളാണ്. കുട്ടിയുടെ തൊട്ടടുത്ത ഗുഹയില്‍ ആറടി നീളമുള്ള ഒരു മലമ്പാമ്പ് നിലയുറപ്പിച്ചിരുന്നു. കൂടാതെ, തേനീച്ചക്കൂട്ടവും രക്ഷാപ്രവർത്തകർക്കും കുട്ടിക്കും മുകളിൽ വട്ടമിട്ടു പറന്നുകൊണ്ടിരുന്നതും ഭീഷണിയായി. 250 അടി ഉയരമുള്ള കുന്നിൻ മുകളിൽ അത്യാധുനിക യന്ത്രങ്ങൾ എത്തിക്കുന്നതായിരുന്നു രക്ഷാപ്രവർത്തകർ നേരിട്ട മറ്റൊരു വെല്ലുവിളി.

എന്നാല്‍ അഗ്നി ശമനസേനാംഗങ്ങള്‍ റോക്ക് കട്ടറുകളും ഹൈഡ്രോളിക് ജാക്കുകളും ഉപയോഗിച്ച് അതീവ ജാഗ്രതയോടെ പാറയുടെ ഭാഗങ്ങൾ നീക്കം ചെയ്തു. കുട്ടിയുടെ ശരീരത്തിന് പോറലേൽക്കാത്ത വിധം പാറകൾക്കിടയിൽ വിടവുണ്ടാക്കിയാണ് ഒടുവിൽ വൈകുന്നേരം ആറു മണിയോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തത്. നാട്ടുകാരടക്കം രക്ഷാപ്രവർത്തനത്തിൽ 300-ലധികം പേർ പങ്കെടുത്തിരുന്നു.

സാഹസികമായ ഈ രക്ഷാപ്രവർത്തനത്തെ ഒഡിിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അഭിനന്ദിച്ചു. ദൗത്യത്തിൽ പങ്കെടുത്ത രക്ഷാപ്രവർത്തകർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഒഡാഗാവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

TAGS :

Next Story