'സിഗരറ്റും മദ്യവും എത്തിച്ചുകൊടുക്കണം, ഇല്ലെങ്കിൽ ഇരുമ്പുദണ്ഡ് വെച്ച് ക്രൂരപീഡനം'; റാഗിങ്ങ് പരാതിയിൽ 23 വിദ്യാർഥികൾക്കെതിരെ കേസ്
കോളജ് അഡ്മിനെ വിവരമറിയിച്ചെങ്കിലും സീനിയർ വിദ്യാർഥികൾ ഇയാളെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു

- Published:
24 Jan 2026 4:17 PM IST

ബെംഗളൂരു: കര്‍ണാടകയിലെ ദേവനഹള്ളിയില്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ക്രൂരമായ റാഗിങ്ങ് നടത്തിയെന്ന പരാതിയില്‍ 23 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും കര്‍ണാടക പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സീനിയര്‍ വിദ്യാര്‍ഥികളായ ബിലാല്‍, സിറില്‍, മിഷ്ഹല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഒന്നാംവര്‍ഷ ബിബിഎ, ബിസിഎ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായ റാഗിങ്ങിന് നിരന്തരമായി വിധേയമാക്കുന്നതായി സമീപകാലത്ത് പരാതികളുയര്‍ന്നിരുന്നുവെന്ന് ദേവനഹള്ളി പൊലീസ് പറഞ്ഞു. മദ്യവും സിഗരറ്റും കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുകയും മണിക്കൂറുകളോളം പുസ്തകവും പിടിച്ച് എണീറ്റുനിര്‍ത്തിക്കാറുണ്ടെന്നും പരാതിയിലുണ്ട്.
ക്രൂരത സഹിക്കാനാകാതെ ജൂനിയര്‍ വിദ്യാര്‍ഥികള്‍ വിവരം കോളജ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോളജ് അഡ്മിന്‍ മിഥുന്‍ മാധവന്‍ വിശദീകരണം തേടിയെങ്കിലും ഒരുകൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ ഇയാളെ ആക്രമിക്കുകയായിരുന്നു.
ഇരുമ്പുദണ്ഡുകള്‍, പാറക്കഷ്ണങ്ങള്‍, ഭാരമേറിയ മരത്തടികള്‍ ഉപയോഗിച്ചാണ് ഇവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികളിലൊരാളുടെ സ്വര്‍ണമാല തട്ടിയെടുത്തതായും പരാതിയിലുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
Adjust Story Font
16
