ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമാണത്തിനുള്ള പൂർണ ചുമതല ബിഎസ്എഫിന്; 45 ദിവസത്തിനകം ഭൂമി കൈമാറുമെന്ന് സുവേന്ദു അധികാരി
ആയുഷ്മാൻ ഭാരത് ഉൾപ്പെടെ പശ്ചിമ ബംഗാളിൽ നടപ്പിലാക്കാത്ത എല്ലാ കേന്ദ്ര പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി

- Published:
11 May 2026 6:53 PM IST

കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി പുതിയ സർക്കാർ. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ വേലി നിർമിക്കുന്നതിനായി അതിർത്തി രക്ഷാസേനയ്ക്ക് (ബിഎസ്എഫ്) ആവശ്യമായ ഭൂമി 45 ദിവസത്തിനകം വിട്ടുനൽകുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു നുഴഞ്ഞുകയറ്റം തടയുന്നതിനായുള്ള ഈ നീക്കം.
ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അതിർത്തി വേലി നിർമാണത്തിനുള്ള ഭൂമി ബിഎസ്എഫിന് കൈമാറാൻ തീരുമാനിച്ചത്. ഭൂമി കൈമാറ്റ നടപടികൾ ഇന്ന് തന്നെ ആരംഭിക്കും, 45 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഇതോടെ നുഴഞ്ഞുകയറ്റ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബംഗ്ലാദേശുമായുള്ള 4,097 കിലോമീറ്റർ അതിർത്തിയിൽ അവശേഷിക്കുന്ന വേലി നിർമാണം ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം.
ആയുഷ്മാൻ ഭാരത് ഉൾപ്പെടെ പശ്ചിമ ബംഗാളിൽ നടപ്പിലാക്കാത്ത എല്ലാ കേന്ദ്ര പദ്ധതികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോഗ പ്രകാരമുള്ള പെൻഡിങ് അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കും. സംസ്ഥാനത്ത് ഭാരതീയ ന്യായ സംഹിത ഇന്ന് മുതൽ നടപ്പിലാക്കി. 2025 ജൂണിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരം സെൻസസ് നടപടികൾ ഉടൻ ആരംഭിക്കാനും മന്ത്രിസഭാ യോഗം നിർദേശം നൽകി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അതിർത്തി വേലി നിർമാണം ബോധപൂർവം വൈകിപ്പിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 127 കിലോമീറ്റർ വേലി നിർമിക്കേണ്ട സ്ഥാനത്ത് വെറും എട്ട് കിലോമീറ്റർ മാത്രമാണ് കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ട 321 ബിജെപി പ്രവർത്തകരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Adjust Story Font
16
